സ്‌കൂള്‍വിട്ടാല്‍ മാനാഞ്ചിറയില്‍ ഒത്തുകൂടി പ്ലാനിങ്, രാത്രി വീട്ടിലുള്ളവര്‍ ഉറങ്ങിയശേഷം പുറത്തിറങ്ങും; വാഹനമോഷണവും കവര്‍ച്ചയും പതിവാക്കിയ അഞ്ചംഗ സംഘം പിടിയിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോഴിക്കോട്: വാഹനമോഷണവും ക്ഷേത്രത്തിലെ കവര്‍ച്ചയും അടക്കമുള്ള കേസുകളില്‍ പ്രതിയായ അഞ്ചംഗസംഘം പിടിയിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിടിയിലായ സംഘത്തിലെ നാലുപേരും നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ്.
പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍കൂടി ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍ വിട്ടാല്‍ മാനാഞ്ചിറയിലാണ് ഇവര്‍ ഒത്തുകൂടുക. തുടര്‍ന്ന് ഇവിടെയും ബീച്ചിലും കറങ്ങിനടന്ന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് വീടുകളിലേക്ക് പോകും. രാത്രി വീട്ടുകാര്‍ ഉറങ്ങിക്കഴിഞ്ഞാല്‍ രാത്രി ഒരുമണിയോടെ ആറും അറിയാതെ വീട്ടില്‍ നിന്നിറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന മോഷണം പതിവായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പൊലീസ് പരിശോധിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ കുട്ടികളാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് പ്രതികള്‍ പിടിയിലായത്.
രാത്രി മോഷണത്തിനു മുമ്പ് ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കും. എം.ഡി.എം.എ, കഞ്ചാവ് എന്നിവയാണ് കൂടുതലായി ഉപയോഗിക്കുന്നത്. സ്‌കൂട്ടറുകള്‍ മാത്രമാണ് ഇവര്‍ മോഷ്ടിക്കുന്നത്. ബൈക്ക് ഓടിക്കാന്‍ പലര്‍ക്കും അറിയില്ല. പിടിയിലായ കുട്ടികളെല്ലാം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്.
മോഷ്ടിച്ച സ്‌കൂട്ടറുകള്‍ അയ്യായിരം മുതല്‍ പതിനായിരം വരെ രൂപയ്ക്കാണ് വില്‍ക്കുക. അമ്പലങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന പിച്ചള, ഓട് എന്നിവ ആക്രക്കടകളില്‍ വില്‍ക്കും. മോഷണ സാമഗ്രികള്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് മയക്കുമരുന്ന് വാങ്ങി എല്ലാവരും ചേര്‍ന്ന് ഉപയോഗിക്കുന്നതാണ് രീതി.
പോലീസ് നടത്തിയ മൊഴിയെടുപ്പില്‍ കൊയിലാണ്ടി തിരുവങ്ങൂരിലെ ക്ഷേത്രപാലന്‍ കോട്ട അമ്പലത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. തിക്കോടി ടൗണിലെ കടകളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബാലുശ്ശേരി, ഫറോക്ക്, നടക്കാവ്, വെള്ളയില്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ വീടുകളില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ രാത്രി മോഷണം നടത്തിയതും സംഘമാണെന്ന് വ്യക്തമായിരുന്നു.