കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളിയാഴ്ച എത്തുമ്പോള്‍ ആവശ്യങ്ങള്‍ നിറവേറുമെന്ന പ്രതീക്ഷയില്‍ കൊയിലാണ്ടി


കൊയിലാണ്ടി: ഓരോ ദിവസവും ആയിരങ്ങള്‍ ആശ്രയിക്കുന്ന, ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ പലവിധ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ആവശ്യങ്ങള്‍ എന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. എത്രയോ കാലമായി യാത്രക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന് പോലും ഇനിയും നടപ്പായിട്ടില്ല.

കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ തന്നെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്റെ ആവശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും റെയില്‍വേ അധികൃതരുടെ ചെവിയിലെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ സാഹചര്യത്തിലാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് വെള്ളിയാഴ്ച കൊയിലാണ്ടിയിലെത്തുന്നത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ സാഹചര്യങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ട് മനസിലാക്കുകയും യാത്രക്കാരെ ഉള്‍പ്പെടെ കേള്‍ക്കുകയും ചെയ്യുന്നതിലൂടെ കൊയിലാണ്ടിയുടെ വികസന ആവശ്യങ്ങള്‍ ഒരു പരിധി വരെയെങ്കിലും നടപ്പാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. വൈകീട്ട് നാല് മണിയോടെയാണ് അദ്ദേഹം കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെത്തുക.

റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്


കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്താണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍. അതിനാല്‍ തന്നെ ജില്ലയിലെ നിരവധി സ്ഥലങ്ങളിലെ യാത്രക്കാരുടെ ആശ്രയമാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍. രണ്ട് നഗരസഭകളും 23 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കൊയിലാണ്ടി താലൂക്കിന്റെ ആസ്ഥാനം കൂടിയാണ് കൊയിലാണ്ടിയെന്നത് റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

കിനാലൂരിലെ നിര്‍ദ്ദിഷ്ട എയിംസ്, കേരളത്തിലെ ഏറ്റവും വലിയ ഹാര്‍ബര്‍, കൊല്ലം പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി തീര്‍ത്ഥാടനകേന്ദ്രം, ചരിത്രപ്രസിദ്ധമായ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം, പെരുവണ്ണാമൂഴി വിനോദസഞ്ചാരകേന്ദ്രം, മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജ്, കൊല്ലം എസ്.എന്‍.ഡി.പി കോളേജ്, കൊല്ലം ഗുരുദേവാ കോളേജ്, കാലടി സംസ്‌കൃത സര്‍വ്വകലാശാലാ പ്രാദേശിക കേന്ദ്രം, നന്തി അറബിക് കോളേജ്, നന്തി ശ്രീശൈലം സ്‌കൂള്‍, നടേരി വലിയമലയിലെ നിര്‍ദ്ദിഷ്ട വെറ്റിനറി സര്‍വ്വകലാശാല സബ്ബ് സെന്റര്‍, ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, കീഴരിയൂര്‍ പഞ്ചായത്തിലെ ഓറോക്കുന്ന് റൂറല്‍ ജില്ലാ പോലീസ് കേന്ദ്രം, നന്തി കെല്‍ട്രോണ്‍, ചേലിയ കഥകളി വിദ്യാലയം, പൂക്കാട് കലാലയം, എന്നിവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നത് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുമായിട്ടാണ്.

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, പയ്യോളി, മേപ്പയ്യൂര്‍, ചേമഞ്ചേരി തുടങ്ങിയ എല്ലാ പ്രദേശത്തുളളവരും യാത്രാവശ്യങ്ങള്‍ക്കായി എത്തുന്നത് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലാണ്. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് അര്‍ഹമായ വികസനം ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

കാലങ്ങളായി റെയില്‍വേ അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ തന്നെയാണ് യാത്രക്കാര്‍ക്ക് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്നിലും വയ്ക്കാനുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് തന്നെയാണ്.

പ്രതിദിനം നാലായിരത്തോളം പേര്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കപ്പെടുന്നതോടെ യാത്രക്കാര്‍ക്ക് കൊയിലാണ്ടിയില്‍ നിന്നുള്ള ട്രെയിന്‍ യാത്ര ഏറെ സൗകര്യപ്രദമാവുകയും കൂടുതല്‍ യാത്രക്കാര്‍ കൊയിലാണ്ടി വഴി യാത്ര ചെയ്യുകയും വരുമാന വര്‍ധനവ് ഉണ്ടാവുകയും ചെയ്യും.

മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഈ നാല് വണ്ടികള്‍ നിര്‍ത്തുന്നതോടെ തന്നെ കൊയിലാണ്ടി സ്‌റ്റേഷന്റെ വികസനകാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകും.

ഉച്ചയ്ക്കുള്ള മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ കഴിഞ്ഞാല്‍ പിന്നെ വൈകീട്ട് നാലേ മുക്കാല്‍ വരെ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് കൊയിലാണ്ടിയില്‍ നിന്ന് മറ്റൊരു ട്രെയിനും ഇല്ല. ഈ സമയത്താണ് എറണാകുളം, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ കൊയിലാണ്ടിയില്‍ നിര്‍ത്താതെ കടന്നു പോകുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്ക് രണ്ട് മിനുറ്റ് വീതം സ്‌റ്റോപ്പ് കൊയിലാണ്ടിയില്‍ അനുവദിച്ചാല്‍ അത് ഈ ട്രെയിനുകളുടെ സമയക്രമത്തെ പോലും ബാധിക്കില്ല.

ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് പുതുതായി സ്റ്റോപ്പ് അനുവദിക്കുന്നതിന് പുറമെ കോവിഡിന് മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന വണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും യാത്രക്കാര്‍ നാളുകളായി ഉയര്‍ത്തുന്നു. 16604 നമ്പര്‍ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ്, 16334 നമ്പര്‍ തിരുവനന്തപുരം-വേരാവല്‍ എക്‌സ്പ്രസ്, 16336 നമ്പര്‍ നാഗര്‍കോവില്‍-ഗാന്ധിദാം എക്‌സ്പ്രസ്, 16312 നമ്പര്‍ കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പാണ് പുനഃസ്ഥാപിക്കാനുള്ളത്.

മംഗലാപുരം-ചെന്നെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. ഈ വണ്ടി കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ രാത്രികാല യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. രാത്രി പത്ത് മണിക്കുള്ള മലബാര്‍ എക്‌സ്പ്രസ് പോയാല്‍ പിന്നെ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് രാവിലെ ആറ് മണിക്കുള്ള എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് മാത്രമേ കൊയിലാണ്ടിയില്‍ നിന്നുള്ളൂ. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് നിര്‍ത്തിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവും.

യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള റിസര്‍വ്വേഷന്‍ കൗണ്ടര്‍ ഇല്ലാത്തതും കൊയിലാണ്ടിയെ വലയ്ക്കുന്ന പ്രശ്‌നമാണ്. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് കൊണ്ട് കൊയിലാണ്ടിയില്‍ മുഴുവന്‍ സമയ ടിക്കറ്റ് റിസര്‍വ്വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കോഴിക്കോട്, വടകര സ്‌റ്റേഷനുകളില്‍ പോയാണ് കൊയിലാണ്ടിക്കാര്‍ ഇപ്പോള്‍ തത്കാല്‍ റിസര്‍വ്വേഷന്‍ ചെയ്യുന്നത്.

മറ്റൊരു പ്രധാന ആവശ്യമാണ് സ്റ്റേഷന്റെ വടക്കുഭാഗത്ത് പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള വഴിയുടെ സമീപം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നത്. ഈ സ്ഥലത്ത് ഇനിയൊരു അപകടമുണ്ടാകാതിരിക്കാന്‍ ഓവര്‍ ബ്രിഡ്ജ് കൂടിയേ തീരൂ. പഴയ മുത്താമ്പി റോഡിലും ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണ്ടതുണ്ട്.

സ്‌റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജും ആധുനികവത്കരിക്കേണ്ടതുണ്ട്. മറ്റ് പ്രധാന സ്റ്റേഷനുകളിലെതിന് സമാനമായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജമാക്കണം. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും മേല്‍ക്കൂരയില്ലാത്ത ഭാഗങ്ങളുണ്ട്. ഇത് കാരണം മഴയും വെയിലും കൊണ്ട് മാത്രമേ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ട്രെയിന്‍ കയറാന്‍ സാധിക്കുന്നുള്ളൂ.

കൂടാതെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശൗചാലയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കേണ്ടതുണ്ട്. റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളിയാഴ്ച കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതോടെ ഈ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുണ്ടാകുമെന്നാണ് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.