വഴിത്തിരിവായത് അടുത്തബന്ധമുള്ളവരുടെ നമ്പര്‍ നിരീക്ഷിച്ചത്, ഈ നമ്പറുകളിലൊന്നില്‍ ഗോവയില്‍ നിന്നും വന്ന കോളിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ആ ഓട്ടോക്കാരനില്‍: മേപ്പയ്യൂരിലെ ദീപക്കിനെ കണ്ടെത്തുന്നതിന് വഴിവെച്ച സംഭവവികാസങ്ങള്‍ ഡി.വൈ.എസ്.പി ഹരിദാസന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു വിശദീകരിക്കുന്നു
കൊയിലാണ്ടി: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെതിരെ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘത്തിന് സഹായകരമായത് ദീപക്കുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ ഫോണ്‍ നിരീക്ഷിച്ചത്. ഇവരില്‍ ഒരാളുടെ ഫോണില്‍ ഗോവയില്‍ നിന്നും വന്ന കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദീപക്കിനെ കണ്ടെത്തുന്നതിലേക്ക് വഴിവെച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ദീപക്കിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റേതെന്ന് സംശയിച്ച് ഒരു മൃതദേഹം കണ്ടെത്തുകയും സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെ നടത്തുകയും ചെയ്യുന്നു. പിന്നീട് ആ മൃതദേഹം മറ്റൊരാളുടേതാണെന്ന് തിരിച്ചറിയുന്നു. ഈ സംഭവങ്ങള്‍ ദീപക്കിന്റെ തിരോധാനത്തിനു പിന്നിലുള്ള ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാവൂര്‍ റോഡ് പരിധിയില്‍ നിന്നാണ് ദീപക്കിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണ സംഘം ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ദീപക്കുമായി അടുത്ത ബന്ധമുള്ള ചിലരുടെ ഫോണ്‍ നിരീക്ഷിച്ചിരുന്നു. ഈ ഫോണുകളില്‍ ഒന്നില്‍ ഗോവയില്‍ നിന്നും ഒരു കോള്‍ വന്നതായി കണ്ടെത്തി.
ഈ കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോവയിലെ ഒരു ഓട്ടോ ഡ്രൈവറുടെ നമ്പറാണെന്ന് കണ്ടെത്തി. അവരോട് വിവരം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞത് ‘പനാജിയില്‍ ഒരാള്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു, അയാളോട് വിവരം തിരക്കിയപ്പോള്‍ നാട്ടിലേക്ക് വിളിക്കണം, ഒന്ന് ഫോണ്‍ തരുമോയെന്ന് ചോദിച്ചു. അങ്ങനെയാണ് ഫോണ്‍ കൊടുക്കുന്നത്.’ ഇയാളെക്കുറിച്ചുള്ള അറിയാവുന്ന വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍ അന്വേഷണ സംഘത്തിന് കൈമാറി.
തുടര്‍ന്ന് അന്വേഷണ സംഘം ഗോവന്‍ പൊലീസുമായി ബന്ധപ്പെടുകയും ദീപക്കിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു. ലുക്ക് നോട്ടീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറി. ഈ വിവരങ്ങള്‍ ഗോവന്‍ പൊലീസ് വെരിഫൈ ചെയ്തു. അതിന്റെ ഭാഗമായി ദീപക്കിനെ കണ്ടെത്തി അദ്ദേഹത്തിന്റെ ഐ.ഡി കാര്‍ഡ് പരിശോധിച്ചു. ആധാര്‍ വിവരങ്ങളിലെ വിലാസം പൊലീസ് നല്‍കിയ വിലാസവുമായി ഒത്തുപോകുന്നതായി കണ്ടെത്തി.
പിന്നീട് ദീപക്കിന്റെ അവിടെ നിന്നുള്ള ഫോട്ടോ ഗോവന്‍ പൊലീസ് അന്വേഷണ സംഘത്തിന് അയച്ചുതന്നു. ദീപക്കുമായി അടുത്ത ബന്ധമുള്ള ചിലരെ ഫോട്ടോ കാണിക്കുകയും അവര്‍ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ സംഘം ഗോവയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ദുരൂഹത ഉയര്‍ത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ദീപക്കിനെ ജൂണ്‍ ആറു മുതല്‍ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസ്സിംഗ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ജീര്‍ണ്ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദീപകിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാല്‍ ബന്ധുക്കള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ മരിച്ചത് ദീപക്കല്ലെന്ന് കണ്ടെത്തി. ഇതാണ് പന്തിരിക്കരയില്‍ നിന്നും കാണാതായ ഇര്‍ഷാദിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പരിശോധനയില്‍ മരിച്ചത് ഇര്‍ഷാദാണെന്ന് വ്യക്തമായി. ഇതോടെ ദീപക് എവിടെയെന്ന ചോദ്യവും ഉയര്‍ന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
Summary: Meppayyur Deepak missing case dysp haridasan explains the developments that led to the discovery of deepak