പേരാമ്പ്രയില്‍ നിന്ന് ഇത്തിരി ദൂരമേയുള്ളൂ, കുതിച്ച് ചാടുന്ന വെള്ളച്ചാട്ടം, കോടയിറങ്ങുന്ന കൊടും കാട്, ട്രെക്കിങ്ങിനായി വന്‍മലകള്‍,എല്ലാമുണ്ട്;നിലമ്പൂരിലേക്ക് ഒരു യാത്ര പോയാലോ?


ലബാറിലെ മനോഹരഗ്രാമമായ നിലമ്പൂരിലേക്ക് നമുക്കൊരു യാത്ര പോയാലോ?. മലപ്പുറം ജില്ലയുടെ അങ്ങറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടവും നിലമ്പൂര്‍ കാടുകളെ കൂടുതല്‍ സുന്ദരമാക്കുന്ന ചാലിയാറും വെള്ളിക്കൊലുസിട്ട വെള്ളച്ചാട്ടങ്ങളുമൊക്കെയായി മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരനുഭവം തന്നെയായിരിക്കും നിലമ്പൂര്‍ യാത്ര.

നീലഗിരിക്കുന്നുകളുമായും പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന് മലബാറിന്റെ ചരിത്രത്തില്‍ വലിയ പങ്കുണ്ട്. അപൂർവമായ ജൈവിക സമ്പത്ത് ഇവിടുത്തെ എടുത്ത് പറയോണ്ട മറ്റൊരു സവിശേഷതയാണ്. മലപ്പുറത്ത് നിന്ന് 40 ഉം കോഴിക്കോട് നിന്ന് 72 ഉം ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം മാത്രം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്.

ആദ്യകാലത്ത് രാജഭരണത്തിൻ കീഴിലും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രസിഡന്‍സിക്കു കീഴിലുമായിരുന്ന നിലമ്പൂരിന് സമ്പന്നമായ പാരമ്പര്യത്തിന്റെ അനേകം കഥകള്‍ പറയാനുണ്ടാകും. രാജകോവിലകങ്ങളിലെ പഴമയുടെ തനിമ വിളിച്ചോതുന്ന ശില്‍പനിര്‍മ്മിതികള്‍ രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന ക്ലാവുപിടിച്ച കാഴ്ചകളായി ഇവിടെ ഇന്നും ബാക്കി നില്‍ക്കുന്നു.

വയനാട് വന്യജീവി സങ്കേതത്തിലും തമിഴ്നാട്ടിലെ മുതുമല സങ്കേതത്തിലും കര്‍ണാടകയിലെ ബന്ദിപൂര്‍ വന്യജീവി സങ്കേതത്തിലുമായി വ്യാപിച്ച് കിടക്കുന്ന നിലമ്പൂര്‍ കാടുകള്‍ അത്യപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്. ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കർ വസിക്കുന്ന ഇടം കൂടിയാണ് നിലമ്പൂർ. നിലമ്പൂരിലെ കരിമ്പുഴ , മാഞ്ചീരി, പൂച്ചപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ കൊടുംകാടിനകത്ത് താമസിക്കുന്ന ഈ പ്രാചീന ഗോത്ര വിഭാ

ഗത്തിൽ ഇന്നവശേഷിക്കുന്നത് ഇരുന്നൂറോളം പേർ മാത്രമാണ് . കാട്ടിനുള്ളിലെ പുഴയോട് ചേർന്ന ഗുഹകളിൽ പാർക്കുന്ന ഇവർ മഴപെയ്ത് പുഴ നിറഞ്ഞു കവിയുമ്പോൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കുന്നു.ഇവർക്ക് കൃത്യവും സ്ഥിരവുമായ പാർപ്പിടങ്ങളില്ല.കൃഷിയോട് പൊതുവെ താല്പര്യമില്ലാത്ത ഇക്കൂട്ടർ കുടംപുളി, കാട്ടുതേൻ , കുന്തിരിക്കം തുടങ്ങിയ ചെറുകിട വനവിഭവങ്ങൾ ശേഖരിച്ചാണ് ജീവിക്കുന്നത്.

പണ്ട് മലബാര്‍ ഗവർണറായിരുന്ന എച്ച്.വി കനോലി നിര്‍മിച്ച ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ തേക്ക് പ്ളാന്റേഷനായ കനോലിസ് പ്ലോട്ടും നിലമ്പൂരിന്റെ തേക്ക് ചരിത്രം സഞ്ചാരികളുമായി സംവദിക്കുന്ന തേക്ക് മ്യൂസിയവും അവിടുത്തെ പ്രധാന കാഴ്ചകളാണ്.

ആഡ്യന്‍പാറ, വെള്ളംതോട് എന്നീ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും വ്യക്ഷലതാദികളുമൊക്കെയുളള ഇവിടം ഭൂമിയിലെ സ്വർഗമാണ്. വെള്ളരിമലനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച ആരുടെയും മനം മയക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. നിലമ്പൂര്‍ ടൗണില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന നെടുങ്കയം , മഴക്കാടുകളാൽ പ്രസിദ്ധമാണ്.
വന സൗന്ദര്യം യഥേഷ്ടം ആസ്വദിക്കാന്‍ ബ്രിട്ടീഷുകാര്‍ മരം കൊണ്ടുണ്ടാക്കിയ റസ്റ്റ്ഹൗസുകളാണ് നെടുങ്കയത്തെ പ്രധാന ആകര്‍ഷണം. നീലഗിരി ബയോസ്ഫിയര്‍ പാര്‍ക്കിന് കീഴിലുള്ള നെടുങ്കയം കാട്ടില്‍ പുലി, ,കരടി, ആന തുടങ്ങി ധാരാളം വന്യജീവികളുണ്ട്. വനംവകുപ്പില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിമാത്രം പ്രവേശിക്കാവുന്ന ഇവിടെ ആനക്കളരിയുമുണ്ട്.  സാഹസികത താൽപര്യപ്പെടുന്നവർക്ക് ഇവിടെ ട്രക്കിംഗിനുള്ള സൗകര്യവും ലഭ്യമാണ്.

മണ്‍പാത്ര നിര്‍മാണത്തിന് പേരു കേട്ട അരുവാക്കോടും നിലമ്പൂരിന് സമീപമാണ്. കുംഭാരന്‍ സമുദായക്കാരായ 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വ്യത്യസ്ത ഡിസൈനുകളില്‍ മണ്‍പാത്രങ്ങള്‍,അലങ്കാര പാത്രങ്ങള്‍, തുടങ്ങിയവ അരുവാക്കോട് പോട്ടറി വില്ലേജിന്റെ ഭാഗമായി ഇവർ പുറത്തിറങ്ങുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് കടകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലുള്ള നിലമ്പൂരിനോടടുത്ത് കിടക്കുന്ന ഇളമ്പൈമലയും പ്രകൃതി സ്നേഹികളുടെ ഇഷ്ടമേഖലയാണ്.

പ്രകൃതി ഭംഗിയുടെ പച്ചപിടിച്ച കാനനക്കാഴ്ചകള്‍ മോഹിക്കുന്ന ഏതൊരു സഞ്ചാരിക്കും നിലമ്പൂര്‍ മനസ്സ് നിറഞ്ഞാസ്വദിക്കാവുന്ന ഒരനുഭവമായിരിക്കും.