തെളിവുകളില്ലെന്ന് കോടതി; സിദ്ദിഖ് പള്ളി കൊയിലാണ്ടി ഖബര്‍സ്ഥാനിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ നന്തി ദാറുസ്സലാം കമ്മിറ്റി നല്‍കിയ ഹരജി തള്ളി


കൊയിലാണ്ടി: സിദ്ദിഖ് പള്ളിയുടെ ഖബര്‍ സ്ഥാനില്‍ സ്വകാര്യ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവൃത്തി വിശ്വാസികള്‍ തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെച്ചു. സ്ത്രീകളടക്കം വരുന്ന അമ്പതോളം പേരാണ് ഖബര്‍സ്ഥാനില്‍ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത് തടഞ്ഞത്.

ഇതോടെ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇടപെട്ട് പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിശ്വാസികള്‍ സ്ഥലത്തുതന്നെ തമ്പടിച്ചിരിക്കുയാണ്.

ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാനിലെ ഭൂമി സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ നിര്‍മ്മാണത്തിനായി നല്‍കിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നേരത്തെയും പ്രദേശത്ത് നിര്‍മ്മാണ പ്രവൃത്തി നടത്താനുള്ള നീക്കം വിശ്വാസികള്‍ ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശം അനുസരിച്ച് പൊലീസ് കഴിഞ്ഞദിവസം നാട്ടുകാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നതായി  വിശ്വാസികളിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

എന്നാല്‍ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് ഹോട്ടല്‍ അധികൃതര്‍ പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഖബര്‍സ്ഥാന്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്ന ഭാവിയില്‍ ആളുകളെ ഖബറടക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് വിശ്വാസികളുടെ ആശങ്ക.