കൂര്‍ക്കംവലി നിസ്സാരക്കാരനല്ല! മരണത്തിലേക്ക് നയിക്കുന്ന സ്ലീപ് അപ്നിയയ്ക്കും സാധ്യത, വിശദാംശങ്ങള്‍


കൂടെ കിടന്നുറങ്ങുന്നവരെ മാത്രം ശല്യപ്പെടുത്തുന്ന ഒരു ഉറക്കപ്രശ്നമായിട്ട് മാത്രമേ കൂര്‍ക്കം വലിയെ നാം കാണാറുള്ളൂ. എന്നാല്‍ ഉറക്കത്തിനിടെ മരണത്തിനു വരെ കാരണമായേക്കാവുന്ന ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയുടെ കൂടി  ലക്ഷണമാണ് ഉറക്കെയുള്ള കൂര്‍ക്കംവലി. ശ്വസനനാളിയിലെ തടസ്സം മൂലം ഉറക്കത്തില്‍ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയാണ്  ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ. കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലാഹിരിയുടെ മരണത്തിന് പിന്നിലും സ്‌ലീപ് അപ്നിയ ആയിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

അമിതവണ്ണം, ടോണ്‍സില്‍സിലെ നീര്‍ക്കെട്ട്, ഹൃദ്രോഗം തുടങ്ങി പലതും സ്‌ലീപ് അപ്നിയയ്ക്ക് കാരണമാകാം. അമിതവണ്ണമുള്ളവരില്‍ ശ്വാസനാളിയുടെ മേല്‍ഭാഗത്തായി കൊഴുപ്പ് അടിയുന്നത് ശ്വസോച്ഛാസത്തെ ബാധിക്കാം. സ്‌ലീപ് അപ്നിയ ബാധിക്കുന്നവരില്‍ 60-70 ശതമാനം പേര്‍ അമിതവണ്ണമുള്ളവരാണെന്ന് കാണാം.  ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സൂചനയായും സ്‌ലീപ് അപ്നിയ കരുതപ്പെടുന്നു. സ്‌ലീപ് അപ്നിയ ഉറക്കത്തില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് മാത്രമല്ല തലച്ചോറിലേക്ക് അടക്കം ശരിയായി ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നതിനാല്‍ വ്യക്തികളുടെ ആയുര്‍ദൈര്‍ഘ്യവും വെട്ടിക്കുറയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഉയര്‍ന്ന ശബ്ദത്തിലുള്ള കൂര്‍ക്കം വലിക്ക് പുറമേ പകല്‍ സമയത്തെ ഉറക്കംതൂങ്ങല്‍,  വരണ്ട വായയോട് കൂടി ഉറക്കമുണരല്‍, തൊണ്ടവേദന, രാവിലെയുള്ള തലവേദന, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, വിഷാദം, ദേഷ്യം, മൂഡ് മാറ്റങ്ങള്‍ എന്നിവയെല്ലാം സ്‌ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്. ഇന്ത്യയില്‍ സ്ത്രീകളേക്കാൾ  പുരുഷന്മാര്‍ക്കാണ് സ്‌ലീപ് അപ്നിയ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. രാജ്യത്തെ മുതിര്‍ന്നവരില്‍ 13.7 ശതമാനത്തിനും നഗരങ്ങളിലെ മധ്യവയസ്ക്കരായ പുരുഷന്മാരില്‍ 7.5 ശതമാനത്തിനും സ്‌ലീപ് അപ്നിയ ഉണ്ടാകുന്നതായി ഗവേഷണറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കൂര്‍ക്കംവലിയെ അത്ര കാര്യമായി എടുക്കാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ ബാധിക്കുന്നവരില്‍ രണ്ട് ശതമാനം മാത്രമേ ഡോക്ടറുടെ സമീപം ചികിത്സയ്ക്കായി എത്തുന്നുള്ളൂ. പലപ്പോഴും അറിയാതെയും ചികിത്സിക്കാതെയും പോകാനും സാധ്യതയേറെയാണ്. ജോലി തിരക്കും, സമ്മര്‍ദവും അനാരോഗ്യകരമായ ജീവിതശൈലിയുമൊക്കെയായി പലരും ഉറക്കത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതും സ്‌ലീപ് അപ്നിയ കൂടുതല്‍ പേരിലേക്ക് എത്താന്‍ കാരണമാകുന്നുണ്ട്. ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ പരിപൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും മരുന്നുകളിലൂടെയും ചില തെറാപ്പികളിലൂടെയും ഇത് നിയന്ത്രണത്തില്‍ നിര്‍ത്താവുന്നതാണെന്ന് ഗുര്‍ഗാവ് ആര്‍ടെമിസ് ഹോസ്പിറ്റലിലെ പള്‍മനോളജി ചീഫ് ഡോ. അശോക് കെ. രജ്പുത് പറയുന്നു. ഭാരം കുറച്ചും നിത്യവും വ്യായാമം ചെയ്തും പ്രണായാമം പോലെ ശ്വസന വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടും സ്‌ലീപ് അപ്നിയയെ തടുക്കാന്‍ സാധിക്കുമെന്നും ഡോ. അശോക് കൂട്ടിച്ചേര്‍ത്തു.