അച്ഛാ, അമ്മേ വിളികളുമായി അവരെ തേടി ഇനി ആരുമെത്തില്ല; പയ്യോളിയിൽ ട്രെയിനപകടത്തിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങൾ


പയ്യോളി: പയ്യോളിയിലുണ്ടായ ട്രെയിനപകടം കവര്‍ന്നത് ഒരു ജീവന്‍ മാത്രമല്ല ഒപ്പം മണിയൂര്‍ പാലയാട് കോമാട് കുനി ബാബുവിന്റെയും ഷീബയുടെയും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൂടിയാണ്. ഏകമകന്‍ അഭിരാമിൽ ചുറ്റിയായിരുന്നു ഇരുവരുടെയും ലോകം. എന്നാല്‍ ഇനി അവന്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഹൃദയം നുറുങ്ങിയ അവസ്ഥയിലാണ് ഇരുവരും. ഇന്നലെയാണ് ഒരു ട്രെയിനപകടത്തിലൂടെ അഭിരാമിന്റെ ജീവന്‍ നഷ്ടമായത്.

അഭിരാമും സുഹൃത്തുക്കളും ആലപ്പുഴയില്‍ നിന്ന് വരികയായിരുന്നു. പയ്യോളിയില്‍ ട്രെയിന്‍ ഇറങ്ങി പാളം മുറിച്ചു കടക്കുമ്പോള്‍ കോഴിക്കോട് ഭാഗത്തേക്കു പോവുന്ന ട്രെയിന്‍ അഭിറാമിനെ തട്ടുകയായിരുന്നു. ശനിയാഴ്ച്ച രാത്രി 8:30 ഓടെ പയ്യോളി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്ക് ക്രോസ്സ് ചെയ്യവെയാണ് ട്രെയിന്‍ തട്ടി അപകടത്തില്‍ പെടുന്നത്. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

താങ്ങും തണലുമായി അഭിറാമിന്റെ ഇഷ്ടങ്ങള്‍ക്കും വാശികള്‍ക്കുമൊപ്പം പയ്യോളി സബ് ട്രഷറി ജീവനക്കാരനായ ബാബുവും ഷീബയും ഒപ്പമുണ്ടാകാറുണ്ട്. യാത്ര നിശ്ചലമായ മകന്റെ ശരീരമാണ്. അച്ഛാ, അമ്മേ എന്ന് വിളിച്ച് വീട്ടിലേക്ക് ഇനി ആരും അവരെ തേടി വരില്ല. ആലുവയില്‍ പ്ലാസ്റ്റിക് എന്‍ഞ്ചിനിയറിംഗിനു പഠിക്കുകയായിരുന്നു അഭിറാം.