മഞ്ഞും മലകളും, വെള്ളച്ചാട്ടവും…. സഞ്ചാരികളുടെ പറുദീസയാണ് വയനാട്; ഈ അവധിക്കാലം ആഘോഷമാക്കാന്‍ വയനാട്ടില്‍ ഒന്നും രണ്ടുമല്ല, ഒറുപാട് ഇടങ്ങളുണ്ട്


ണത്തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് പ്രകൃതിഭംഗിയുടെ മടിത്തട്ടായ വയനാടിലേക്ക് ഒരു യാത്ര പോയാലോ? കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന വൈവിധ്യമായ കാഴ്ചകളിലേക്ക് കുടുംബത്തോടും സുഹൃത്തുക്കളൊടൊപ്പവും ഒരു അടിപൊളി യാത്ര. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത് വയനാടിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. ഏകദിനയാത്രയ്ക്കും അല്ലാതെയുമായി പോകാൻ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട് വയനാട്ടിൽ. സഞ്ചാരികളുടെ പറുദീസയാക്കുന്ന വയനാട്ടിലെ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം…

ചുരം കേറി വായനാട്ടിലേക്ക് വരുന്നവരെ ആദ്യം ആകര്‍ഷിക്കുന്നതും അതിശയിപ്പിക്കുന്നതും വയനാട് ചുരമാണ് ….ഓരോ യാത്രികനും യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്ന വഴിയാണ് വയനാട് ചുരം. കോട മഞ്ഞ് പാറി പറന്നു നടക്കുന്ന മലനിരകളും കോഴിക്കോടിന്റെ ആകാശ കാഴ്ചകളും പച്ച പുതച്ച വഴിയും ഏതൊരാളുടെയും മനം നിറയ്ക്കും. മഴക്കാലത്താണ് ചുരം കൂടുതല്‍ സുന്ദരിയാവുന്നത്.

താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയില്‍ എത്തുമ്പോഴേ ക്ക് സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 700 മീറ്റര്‍ മുകളില്‍ എത്തും. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂര്‍ന്ന വനം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താന്‍ പാകത്തില്‍ നിര്‍മിച്ച ഈ പാത പില്‍കാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. ചുരം കയറി വയനാടിന്റെ തണുപ്പിലേക്ക് ആരും കൊതിക്കുന്ന ഒരു യാത്ര.

പൂക്കോട് തടാകം

താമരശ്ശേരി ചുരം കയറിച്ചെല്ലുമ്പോൾ ചുരം വ്യൂ പോയിന്റെ കഴിഞ്ഞാൽ ഏറ്റവുമാദ്യത്തെ വിനോദസഞ്ചാര കേന്ദ്രമാണ് പൂക്കോട് തടാകം. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്.

ബോട്ട് യാത്ര ഇഷ്ടമുള്ളവർക്ക് പെ‍ഡൽ ബോട്ടുകളും ലഭ്യമാണ്. തടാകത്തിന് ചുറ്റും ഇടതൂർന്ന വനമാണ്. തടാകത്തെ ചുറ്റികിടക്കുന്ന നടപ്പാതയിലൂടെ ഒന്ന് നടന്നുവന്നാൽ ഇരട്ടി ഉന്മേഷമായി. തടാകത്തില്‍ നിറയേ നീല ഇനത്തില്‍ പെട്ട ആമ്പലുകള്‍ കാണാം.13 ഏക്കറാണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റര്‍ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റര്‍ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോള്‍ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ കല്പറ്റ റോഡില്‍ സഞ്ചരിച്ചാല്‍ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉണ്ട്. മനോഹര വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നിടമാണിവിടം.

എൻ ഊര്

പൂക്കോടിന് സമീപത്തായാണ് എൻ ഊര് എന്ന് പേര് നൽകിയിരിക്കുന്ന ആദിവാസി പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായാണ് എൻ ഊര് വിശേഷിപ്പിക്കപ്പെടുന്നത്. ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ പൈതൃകത്തെക്കുറിച്ച് സഞ്ചാരികൾക്ക് ഒരു രൂപരേഖ നൽകാനാണ് എൻ ഊര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം 25 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇവിടെ ആദിവാസി തനത് ഭക്ഷണം ലഭിക്കുന്ന കഫിറ്റീരിയകളും മറ്റുമുണ്ട്. എൻ ഊര് സന്ദർശിക്കുന്നതിലൂടെ ഗോത്ര വിഭാഗക്കാരുടെ പാരമ്പര്യവും സംസ്കാരവും സഞ്ചാരികൾക്ക് അറിയാൻ കഴിയും.

എടക്കൽ ഗുഹകൾ

സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള അമ്പുകുത്തി മലയിലെ പ്രകൃത്യാലുള്ള രണ്ട് ഗുഹകളാണ് എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട ഒരു വിള്ളലില്‍ മുകളില്‍ നിന്ന് വീണുറച്ച കൂറ്റന്‍ പാറയാണ് മനുഷ്യനിര്‍മ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്.

ഈ ഗുഹയിൽ കാണപ്പെടുന്ന ശിലാലിഖിതങ്ങളാണ് ഇതിനെ ആകർഷകമാക്കുന്നത്. ചെറുശിലായുഗസംസ്‌കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങളാണ് ഇവ. കേരളത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങള്‍ ഇവയാണ്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നല്‍കുന്ന ശിലാലിഖിതങ്ങള്‍ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. പ്രാചീനമായ ചിത്രങ്ങളും പില്‍ക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

കല്‍പറ്റയില്‍ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം..ഏറ്റവും അടുത്തുള്ള പട്ടണം സുല്‍ത്താന്‍ ബത്തേരി ആണ് – 12 കിലോമീറ്റര്‍ അകലെ.അടുത്തുള്ള ചെറിയ പട്ടണം അമ്പലവയല്‍ – 4 കി.മീ അകലെ.

ചെമ്പ്ര കൊടുമുടി

വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ചെമ്പ്ര കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതിസ്നേഹികളും സാഹസിക മലകയറ്റക്കാരും ഇഷ്ടപ്പെടുന്ന ചെമ്പ്ര മേപ്പാടിക്ക് സമീപത്താണ്. കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിലാണ് കൊടുമുടി. വിനോദസഞ്ചാരികൾക്ക് മല കയറാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഗൈഡിനെ ഒപ്പം കൂട്ടിയുള്ള മലകയറ്റം മാത്രമേ ഇവിടെ അനുവദിക്കൂ.

കൊടുമുടിക്ക് മുകളില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.

കല്‍പ്പറ്റയില്‍ നിന്ന് 14 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍ നിന്നും അനുവാദം വാങ്ങിയാല്‍ മാത്രമേ ചെമ്പ്ര കൊടുമുടിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

കുറുവദ്വീപ്

പ്രകൃതിയെ അറിഞ്ഞുള്ള ശാന്തമായ എന്നാൽ അൽപം സാഹസികമായ നടത്തം ഇഷ്ടപ്പെടുന്നവരാണ് കുറുവദ്വീപിലേക്ക് എത്തിച്ചേരുന്നത്. ജില്ലയിലെ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരത്തുകളുടെ ഒരു സമൂഹമാണ് കുറുവദ്വീപ്. മുളകൾ കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളിൽ പുഴയിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഏകദേശം 950 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം വൈവിധ്യമാർന്ന സസ്യജീവജാലങ്ങളാൽ സമൃദ്ധമാണ്. മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് കുറുവാദ്വീപ്.

ബാണാസുര സാഗർ അണക്കെട്ട്

മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടുമാണ് ബാണാസുര സാഗർ അണക്കെട്ട്. കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ.1979 ൽ നിർമിതമായ ഈ അണക്കെട്ട് ഒരു കിലോമീറ്റർ നീളത്തിൽ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്കായി അണക്കെട്ടിൽ ബോട്ടിംഗ് സൗകര്യവും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സിപ് ലൈനും ഉണ്ട്. സാഹസിക മലകയറ്റം ആരംഭിക്കാനുള്ള ഒരു ഉത്തമ ആരംഭസ്ഥാനം കൂടിയാണ് ഇത്.

സൂചിപ്പാറ, കാന്തൻപാറ, മീൻമുട്ടി, ചെതലയം വെള്ളച്ചാട്ടങ്ങൾ

വയനാട്ടിലേക്ക് എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് വെള്ളച്ചാട്ടങ്ങൾ. വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന വഴിയിലാണ് മീൻമുട്ടി വെള്ളച്ചാട്ടം. ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഇതിന്റെ സൗന്ദര്യം മൂന്ന് തട്ടുകളായി താഴേക്ക് പതിക്കുന്നതാണ്. സുൽത്താൻ ബത്തേരിക്ക് സമീപമുള്ള ചെതലയം വെള്ളച്ചാട്ടം മീൻമുട്ടി വെള്ളച്ചാട്ടത്തിനേക്കാൾ ചെറുതാണെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഏകദേശം 30 മീറ്റർ മാത്രം ഉയരമുള്ള കാന്തൻപാറ വെള്ളച്ചാട്ടം മേപ്പാടിക്ക് അടുത്താണ്. മഴക്കാലത്താണ് വെള്ളച്ചാട്ടങ്ങളെല്ലാം അതിന്റെ പൂർണഭംഗിയും ശൗര്യവും ആർജിക്കുക. സാഹസിക മല കയറ്റക്കാർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് സൂചിപ്പാറ വെള്ളച്ചാട്ടം.

വയനാട് ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മല എനിവയാൽ ചുറ്റപ്പെട്ട് കിടക്കുന്നതാണ്. വാസ്തുവിദ്യയുടെ ഒരു മഹത്തായ നിർമിതിയാണ് ഈ ക്ഷേത്രം. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ദക്ഷിണ ഗയ എന്നും ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം പിതൃബലിതർപ്പണത്തിനായുള്ള വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ്.

പക്ഷിപാതാളം

ജില്ലയിലെ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിൽ വളരെ അടുത്തായാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ മലകളും കാട്ടുചോലകളുമുള്ള ഇവിടം നിരവധി പക്ഷികളുടെ വാസസ്ഥലമാണ്. നിരവധി ഗുഹകളും ഈ പ്രദേശത്ത് കാണാം.

ഈ ഗുഹകളിൽ പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. കാട്ടിലൂടെ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാലാണ് പക്ഷിപാതാളത്തിൽ എത്തുക. പക്ഷിപാതാളത്തിൽ പോകാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടതാണ്. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്.

ഫാന്റം റോക്ക്

അമ്പലവയലിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫാന്റം റോക്ക്. മുഖംമൂടി അണിഞ്ഞെത്തുന്ന അമാനുഷിക ശക്തിയുള്ള കഥാപാത്രമായ ഫാന്റത്തിനെ എല്ലാവർക്കും അറിയാം. ആ ഫാന്റത്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ വലിയ പാറ. അക്കാരണം കൊണ്ടു തന്നെയാണ് ഇതിന് ഫാന്റം റോക്ക് എന്ന് പേര് വന്നതും. ചുരുക്കത്തിൽ പ്രകൃതിയൊരുക്കിയ കലാവിരുന്ന് ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് ധൈര്യമായി തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഫാന്റം റോക്ക്. ഇവിടെ നിന്ന് നോക്കിയാൽ അകലെയായി അമ്പുകുത്തിമല, കൊളഗപ്പാറ, ചീങ്ങേരിപ്പാറ എന്നീ സ്ഥലങ്ങൾ കാണാം.

മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതം

വയനാടിന്റെ അതിർത്തിയിൽ കർണാടകയും തമിഴ് നാടുമായി ചേരുന്നിടത്ത് രണ്ടു ഭാഗങ്ങളിലായി ചിതറകിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി കിടക്കുന്ന തോൽപ്പെട്ടി, കുറിച്യാട് റേഞ്ചുകളും തെക്കു – കിഴക്കായി കിടക്കുന്ന സുൽത്താൻ ബത്തേരി, മുത്തങ്ങ റേഞ്ചുകളും ഉൾപ്പെടെ 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സംരക്ഷിത വനപ്രദേശം. മൂന്ന് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന ആനത്താര ഉള്ളതിനാൽ ഈ പ്രദേശം പ്രൊജക്ട് എലിഫന്റിന്റെ ഭാഗമാണ്. മുത്തങ്ങയുടെ വന്യജീവി സൗന്ദര്യം ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

അമ്പലവയലിലാണ് വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് ഇത് പരിപാലിക്കുന്നത്. ഇവിടെയുള്ള പ്രദർശന വസ്തുക്കൾ വയനാടിന്റെ പരമ്പരാഗത ഗോത്ര പാരമ്പര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സന്ദർശകർക്ക് നൽകുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഹെറിറ്റേജ് മ്യൂസിയമായ ഇത് അമ്പലവയലിലാണ് സ്ഥിതി ചെയ്യുന്നത്. വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാലു പേരുകളിലാണ് പ്രദർശന വസ്തുക്കൾ തിരിച്ചിരിക്കുന്നത്.

പഴശ്ശിയുടെ ശവകുടീരം

കേരളവർമ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരം മാനന്തവാടിയിലാണ്. പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി ഇത് പ്രഖ്യാപിച്ചിട്ടുണ്ട്. 1996ലാണ് ഇത് ഒരു മ്യൂസിയമായി മാറ്റിയത്. കുടീരത്തിന്റെ താഴ്​വാരത്തു കൂടിയാണ് കബനിനദി ഒഴുകുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി മ്യൂസിയം പരിസരത്ത് ഒരു ഉദ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള മ്യൂസിയത്തിൽ പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാല് ഗാലറികളും ക്രമീകരിച്ചിട്ടുണ്ട്.

ജൈനക്ഷേത്രം വയനാട്

നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ബത്തേരി ജൈനക്ഷേത്രം. കൽപ്പറ്റയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് ഈ ജൈനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ജൈനക്ഷേത്രം ഹിന്ദു ക്ഷേത്രമായും വാണിജ്യകേന്ദ്രമായും ടിപ്പുവിന്റെ ആയുധ സൂക്ഷിപ്പ് കേന്ദ്രമായുമെല്ലാം പ്രവർത്തിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഒരു അടയാളം കൂടിയാണ് ഈ ക്ഷേത്രം. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് പതിമൂന്നാം നുറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്.

കുറുമ്പാലക്കോട്ട

വായനാട്ടിലെ കുഞ്ഞ് മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ട…സണ്‍റൈസ് വാലി കഴിഞ്ഞാല്‍ വയനാട്ടില്‍ സണ്‍റൈസ് കാണാന്‍ ഏറ്റവും നല്ല സ്‌പോട് ആണ്. ഇപ്പോള്‍ ഒരുപാട് സഞ്ചാരികള്‍ അതിരാവിലെ തന്നെ ഈ മല കീഴടക്കി സൂര്യോദയത്തിന്റെ മുഴുവന്‍ സൗന്ദര്യവും നുകരുന്നുണ്ട്.
കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില്‍ ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന്‍ കൃത്യമായ വഴിയൊന്നുമില്ല.

കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനരികിലെത്താന്‍. കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം. കല്‍പ്പറ്റയില്‍ നിന്നും 18കിലോ ദൂരെയാണ് ഈ കോട്ട. കല്‍പ്പറ്റ കമ്പളക്കാട് റോഡിലാണ് പോവേണ്ടത്.

കാരാപ്പുഴഡാം

പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്‌മെന്റ് വിസ്തീര്‍ണ്ണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാം. നിരവധി തടാകങ്ങള്‍ ചെന്നുചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാം പരിസരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ് കാരാപ്പുഴ ഡാം. ഫോട്ടോഗ്രഫി പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട.

കല്പറ്റയില്‍ നിന്നും 20 കിലോമീറ്ററും ബത്തേരിയില്‍ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 – ലുള്ള കാക്കവയലില്‍ നിന്നും 8 കിലോമീര്‍ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കല്‍ ഗുഹയിലേക്ക് അണക്കെട്ടില്‍ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.