സ്‌കൂട്ടറില്‍ പോകുന്ന കുരുന്നുമായി കൊഞ്ഞനം കുത്തി മത്സരിച്ച് പെരുവട്ടൂരിലെ പയ്യന്മാര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്യൂട്ട് വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ആളുകള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് ലോകമാകെ തരംഗമായി ഒരു കുഞ്ഞു വീഡിയോ. പെരുവട്ടൂര്‍ മുക്കില്‍ നിന്നുള്ള വളരെ ചെറിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ നെഞ്ചേറ്റി വൈറലായിരിക്കുന്നത്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഒരു കുരുന്നും പെരുവട്ടൂരും പരിസരങ്ങളിലുമുള്ള മൂന്നുനാല് പേരുമാണ് വീഡിയോയിലെ മിന്നും താരങ്ങള്‍. റോഡിന് ഒരു വശം നിര്‍ത്തിയിരുന്ന സ്‌കൂട്ടറിലാണ് കുഞ്ഞ് ഇരിക്കുന്നത്. റോഡിന്റെ ഇപ്പുറത്ത് കടയിലാണ് ബാക്കിയുള്ളവര്‍.

പിന്നെയങ്ങോട്ട് മത്സരമാണ്! വലിയ ചെക്കന്മാര്‍ ഒരു വശത്തും നിങ്ങളെയൊക്കെ നേരിടാന്‍ ഞാന്‍ മതിയെന്ന ഭാവത്തില്‍ സ്‌കൂട്ടറിലിരിക്കുന്ന കുട്ടി മറുവശത്തും. ഇരുകൂട്ടരും മത്സരിച്ച് കൊഞ്ഞനം കുത്തുന്നതാണ് വീഡിയോയിലുള്ളത്.

കാവുംവട്ടം കൊളാരകണ്ടി മീത്തല്‍ വിഷ്ണു ജി.എസ് ആണ് വീഡിയോ പകര്‍ത്തിയ ‘ക്യാമറാമാന്‍’. പെരുവട്ടൂരിലെ ഇടവനയില്‍ അര്‍ജുന്‍ എ.ആര്‍, പാറളത്ത് ആകാശ് എം.വി, ഒറ്റക്കണ്ടത്തെ ചെറുകണ്ടി കോട്ടയില്‍ അനസ്, തടോളിതാഴ വായക്കാപൊയില്‍ അശ്വിന്‍ എന്‍.കെ (കുഞ്ഞു) എന്നിവരാണ് വീഡിയോയിലുള്ളത്. വീഡിയോ ഇത്ര വൈറലാകാന്‍ പ്രധാന കാരണക്കാരനായ ആ കൊച്ചുമിടുക്കന്‍ ഇപ്പോഴും അജ്ഞാതനാണ്.

ഇന്‍സ്റ്റഗ്രാം റീലായി പോസ്റ്റ് ചെയ്ത വീഡിയോ നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുകയാണ് എന്നാണ് കമന്റുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് ലോകമാകെ വൈറലായ ആ വീഡിയോ ഒന്ന് കണ്ടാലോ….

വീഡിയോ കാണാം: