പൂക്കാട് വാഹനാപകടത്തിൽ കോട്ടക്കൽ സ്വദേശി മരിക്കാനിടയായ സംഭവം: അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തി, അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ആരംഭിച്ച അന്വേഷണം അവസാനിച്ചത് തമിഴ്‌നാട്ടിൽ


കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം കണ്ടെത്തി. മാസങ്ങളോളം നീണ്ട അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കോട്ടക്കൽ സ്വദേശിയായ കബീർ ആണ് പൂക്കാട് വാഹനാപകടത്തിൽ മരണപ്പെട്ടത്.

ആഗസ്റ്റ് 8-ാം തീയതിയാണ് അപകടം ഉണ്ടായത്. ഇടിച്ചിട്ട് മറ്റെയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ നിർത്താതെ പോയ വാഹനം മാസങ്ങളായി പോലീസ് അന്വേഷിക്കുകയായിരുന്നു. ശ്രമകരമായ അന്വേഷണത്തിനൊടുവിൽ കൊയിലാണ്ടി പോലീസ് വാഹനം കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കി.

കോയമ്പത്തൂരിലെ നിന്നാണ് വാഹനം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടമുണ്ടായ സമയത്ത് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു, എന്നാൽ വാഹനത്തെ പറ്റി കൃത്യമായ യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. അപകട സമയത്ത് തൊട്ട് പിന്നാലെ എത്തിയ വാഹനത്തിലെ വ്യക്തി നൽകിയ ചില സൂചനകൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനത്തെ കണ്ടെത്താൻ കഴിഞ്ഞത്. കോയമ്പത്തൂരുള്ള ഒരു പാർസൽ സർവീസിന്റെ പേരിൽ ആയിരുന്നു ആദ്യ രെജിസ്ട്രേഷൻ എങ്കിലും ആ കട അടച്ചു പൂട്ടിയിരിക്കുകയായിരുന്നു.

കബീർ ബൈക്കിൽ വീട്ടിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു പൂക്കാട് വെച്ച് അപകടം നടന്നത്. കൊയിലാണ്ടി സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഫിറോസ്, എസ്.സി.പി ഒ.മാരായ വി.സി. ബിനീഷ്, ബിജു വാണിയംകുളം എം.പി. അനൂപ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.