വെണ്ടയും മുളകും വഴുതനയും ഇനി കൊയിലാണ്ടിയിലെ അംഗനവാടികളില്‍ വിളയും; പോഷക സമൃദ്ധി മിഷന്റെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു


കൊയിലാണ്ടി: പോഷക സമൃദ്ധി മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിലെ അംഗനവാടികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, പയര്‍ എന്നിവയുടെ തൈകളാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ അംഗനവാടി ജീവനക്കാര്‍ക്ക് നല്‍കിയത്.

കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ പോഷക പ്രാധാന്യമുള്ള വിളകള്‍ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പോഷക സമൃദ്ധി മിഷന്‍ രൂപീകരിച്ചത്. തൈകളുടെ വിതരണ ഉദ്ഘാടനം കൃഷിഭവനില്‍ കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.എ.ഇന്ദിര നിര്‍വഹിച്ചു.

ചടങ്ങില്‍ കൃഷി ഓഫീസര്‍ പി.വിദ്യ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രജീഷ് കുമാര്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ റുഫീല കൃഷി അസിസ്റ്റന്റ് അപര്‍ണ സംസാരിച്ചു.

Summary: Vegetable saplings were distributed as part of the Nutritional Prosperity Mission in Koyilandy