കോടമഞ്ഞില്‍ പുതഞ്ഞ കോഴിക്കോടന്‍, കണ്ണൂര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ സമയം ഇതാണ്; കുറ്റ്യാടിക്കടുത്തുള്ള ഉറിതൂക്കി മലയിലേക്കാവട്ടെ ഇത്തവണത്തെ യാത്ര


കൊടും ചൂടിലും മഞ്ഞ് പുതച്ച് സഞ്ചാരികളെ വരവേറ്റ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലാണ് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്.

കുറ്റ്യാടി വഴിയോ നാദാപുരം വഴിയോ കക്കട്ടിലെത്തി കൈവേലിയില്‍ നിന്ന് 10 കി.മി. സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ഓഫ് റോഡ് യാത്ര ഇഷ്ടപെടുന്നവര്‍ക്ക് നല്ലൊരു ഓപ്ഷന്‍ കൂടിയാണിത്. സഞ്ചാരികളുടെ ഇടയില്‍ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി ഒട്ടും ചോരാത്ത മനോഹര സ്ഥലങ്ങളിലൊന്നാണിത്. കൊടുംചൂടില്‍ നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞു കിടക്കുന്ന ഉറിതൂക്കിമലയുടെ സൗന്ദര്യം ആസ്വദിക്കാനായി ദിവസവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഉയരംകൂടിയ കുന്നുകളും കിഴുക്കാംതൂക്കായിനില്‍ക്കുന്ന പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും കൊച്ചരുവികളും പുല്‍മേടുകളുമെല്ലാം ഇവിടെയെത്തുന്ന സന്ദര്‍ശക്ക് വശ്യമനോഹരമായ കാഴ്ചയൊരുക്കുന്നു.

മഞ്ഞുപുതച്ച മലയിലെ പാറക്കെട്ടിലിരുന്ന് കൊടും ചൂടിലും മഞ്ഞിന്റെ നനുത്ത തൂവല്‍സ്പര്‍ശമേറ്റ് കോഴിക്കോടിന്റെയും കണ്ണൂരിന്റെയും കാഴ്ചകള്‍ കണ്ടാസ്വാദിക്കാം. ഇതിനാല്‍ തന്നെ കൊടും വേനലില്‍ മഞ്ഞും ദൃശ്യ ഭംഗിയും ആസ്വദിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

പുലര്‍ച്ചെ യാത്ര പുറപ്പെടുന്നതാണ് ഏറ്റവും നല്ലത്. തെളിഞ്ഞ ദിവസമാണെങ്കില്‍ മലമുകളില്‍ എത്തിയാല്‍ സൂര്യോദയം കാണാം. അല്ലെങ്കില്‍ കോട മൂടിയ കാടും മലനിരകളും കാണാം.

മലയിലേക്കുള്ള യാത്ര അല്‍പം ബുദ്ധിമുട്ടേറിയതാണ്. എങ്കിലും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഏറെയും യുവാക്കളാണ്. മഴകാലത്ത് പറയ്ക്ക് മുകളിലേക്ക് പോകുന്നത് ശ്രദ്ധിക്കണം. കൂടാതെ കുട്ടികളുമായും പ്രായമായവരുമായും പോകുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.

ഉറിതൂക്കി മല വീരപഴശ്ശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശത്രുവില്‍ നിന്ന് ഒളിവില്‍ കഴിയാനും മറ്റും പഴശ്ശിരാജാവ് ഈ മലയില്‍ എത്തി താമസിച്ചിരുന്നെന്നാണ് ചരിത്രം. അക്കാലത്ത് മലയില്‍ പാമ്പുകള്‍ ഒരു പാട് ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം ഉറിയില്‍ തൂക്കിയിട്ടിരുന്നതിനാലാണ് ഉറിതൂക്കി മല എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്.