‘കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾ വലയുന്നു’; ഉടൻ പരിഹാരം കാണണമെന്ന് യു.ഡി.എഫ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികൾ വലയുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഈ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു.
ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പ്രശ്നം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ല. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
നഗരസഭാ പ്രതിപക്ഷ നേതാവ് രത്നവല്ലി ടീച്ചർ സമരം ഉദ്ഘാടനം ചെയ്തു. വി.പി.ഇബ്രാഹിംകുട്ടി, വാർഡ് കൗൺസിലർ എ.അസീസ്, കേളോത്ത് വത്സരാജ്, മനോജ് പയറ്റുവളപ്പിൽ, രതീഷ് വെങ്ങളത്ത് കണ്ടി, എൻ.വി.ഫക്രുദീൻ മാസ്റ്റർ, സുമതി കെ.എം, ഷൈലജ ടി.പി, ജിഷ പുതിയേടത്ത് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി ഹോസ്പിറ്റലിൽ ഒ.പി ചീട്ട് തീർന്നതിനാൽ രോഗികൾ വലയുന്ന കാഴ്ചയും ഇന്ന് കൊയിലാണ്ടി ഹോസ്പിറ്റലിൽ കാണുകയുണ്ടായെന്നും ഒ.പി ചീട്ട് തീർന്ന വിവരം മുൻകൂട്ടി അറിയിക്കാതിരുന്നത് ആശുപത്രി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും യു.ഡി.എഫ് ആരോപിച്ചു.
ആശുപത്രി പരിസരത്ത് കെട്ടിക്കിടക്കുന്നത് കക്കൂസ് മാലിന്യമല്ലെന്നും മലിനജലമാണെന്നും ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് വി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മലിജനലം പോകുന്ന പൈപ്പ് ബ്ലോക്കായതാണ് പ്രശ്നത്തിന് കാരണം. മലിനജലം ആശുപത്രി പരിസരത്ത് പരക്കാതിരിക്കാനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പൈപ്പ് വൃത്തിയാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നഗരസഭയെ വിവരം അറിയിക്കുകയും മലിജനജല പ്രശ്നം പരിഹരിക്കാനായി രണ്ടര ലക്ഷം രൂപയുടെ പദ്ധതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തി കരാറെടുത്ത കോൺട്രാക്ടർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പരിശോധന നടത്തി. ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.