10 ഐ.സി.യു, 19 ഓപ്പറേഷന്‍ തിയേറ്റര്‍, 195 കോടി ചെലവില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ ബ്‌ളോക്ക് പ്രവര്‍ത്തന സജ്ജം; മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും


കോഴിക്കോട്: ജില്ലയുടെ ആരോഗ്യ മേഖലയിലെ സ്വപ്ന പദ്ധതിയായ പി.എം.എസ്.എസ്.വൈ. ബ്‌ളോക്ക് മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.വി. ഗോപി അറിയിച്ചു.

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റീസ്, ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ആശുപത്രി (പി.എം.എസ്.എസ്.വൈ. ബ്‌ളോക്ക്) പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജനാ പദ്ധതി പ്രകാരം 195 കോടി ചെലവഴിച്ചാണ് നിര്‍മിച്ചത്. 16,263 ചതുരശ്രമീറ്റര്‍ വിസ്തൃതില്‍ ഏഴുനിലകളിലാണ് കെട്ടിടസമുച്ചയം.

കേന്ദ്രസര്‍ക്കാര്‍ 80 ശതമാനവും സംസ്ഥാനം 20 ശതമാനവും ചെലവഴിച്ചാണ് നിര്‍മാണം.

15 മീറ്റര്‍ വീതിയില്‍ രണ്ടു പ്രധാനകവാടങ്ങള്‍, 10 ഐ.സി.യു. 19 ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുണ്ട്. 430 ബെഡുകളാണുള്ളത്. തുടക്കത്തില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗമാണ് (അത്യാഹിതവിഭാഗം) ഇവിടേക്ക് മാറ്റുന്നത്.

ആധുനികസജ്ജീകരണങ്ങളോടുകൂടിയ അത്യാഹിതവിഭാഗം, ഫാര്‍മസി, ബ്‌ളഡ് സ്റ്റോറേജ്, ഇ.സി.ജി. തുടങ്ങിയവ താഴത്തെ നിലയിലും മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, എം.ആര്‍.ഐ. സി.ടി. സ്‌കാന്‍, എക്‌സ്‌റേ, ലാബുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനു സമീപത്തായും സജ്ജീകരിച്ചിട്ടുണ്ട്.

സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റികളായ കാര്‍ഡിയാക് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളാണ് പ്രധാന ആശുപത്രിയില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പിന്നീട് മാറ്റുക.

മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ കോഴിക്കോടിന്റെ ആരോഗ്യ മേഖലക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടും.