ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുക്കം സ്വദേശിയായ മുണ്ടയില്‍ ഇര്‍ഷാദ് (25), മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദ് (24) എന്നിവരെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റ്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ വന്ന സയ്യിദില്‍ നിന്നും 1095 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന ഇര്‍ഷാദില്‍ നിന്നും 1165 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് പിടിച്ചെടുത്തത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ക്യാപ്‌സ്യൂളുകള്‍.

മിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കുന്നതാണ്. ഡെപ്യൂട്ടി കമ്മിഷണര്‍ ജെ ആനന്ദകുമാര്‍, സൂപ്രണ്ട് സലില്‍, മുഹമ്മദ് റജീബ്, ഇന്‍സ്‌പെക്ടര്‍മാരായ ഹരിസിംഗ് മീണ, വിഷ്ണു അശോകന്‍, ഹെഡ് ഹവല്‍ദാര്‍മാരായ ഇ.വി മോഹനന്‍, സന്തോഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.