ബെെക്കിൽ സഞ്ചരിക്കവേ കടന്നൽ കുത്തേറ്റു, നാദാപുരത്ത് കടന്നലുകളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്


നാദാപുരം: നരിക്കാട്ടേരിയില്‍ ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നരിക്കാട്ടേരി കാരയില്‍ അമ്മദ് (62), മരുതൂര്‍ കുഞ്ഞബ്ദുള്ള (65) എന്നിവര്‍ക്കാണ് കുത്തേറ്റത്. കാരയില്‍ കനാല്‍ഭാഗത്ത് ഇന്ന് വെെകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

കാരയില്‍ കനാല്‍ഭാഗത്ത് കൂടെ ബെെക്കിൽ സഞ്ചരിക്കുകയായിരുന്നു അമ്മദും കുഞ്ഞബ്ദുള്ളയും. കൂട് ഇളകിയെത്തിയ കടന്നലുകള്‍ കൂട്ടത്തോടെ അതുവഴി എത്തിയ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞബ്ദുല്ലക്ക് ദേഹമാസകലം പരിക്കുണ്ട്.

സംഭവം കാണാനിടയായ ഓട്ടോ ഡ്രൈവറാണ് ഇരുവരെയും നാദാപുറം ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വടകര ജില്ല ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ദിവസങ്ങൾക്ക് മുൻപ് കടന്നൽ കുത്തേറ്റ് വിലങ്ങാട് സ്വദേശി മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ അധികൃതർ കടന്നൽ കൂട്ടത്തെ നശിപ്പിച്ചിരുന്നു.