ആരും കാണാതെ പമ്പിനുള്ളിലെ മുറിക്കുള്ളില്‍ കയറി, ബാഗില്‍ നിന്ന് മാലയും പൈസയും കവര്‍ന്നു; കൊടുവള്ളി പെട്രോള്‍ പമ്പിലെ കവര്‍ച്ചയില്‍ ട്വിസ്റ്റ്; മോഷണം പോയത് മുക്കു പണ്ടം


കൊയിലാണ്ടി: കൊടുവള്ളി പെട്രോള്‍ പമ്പിലെ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്. മോഷണം പോയത് മുക്കുപണ്ടമാണെന്ന് യുവതി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയത്.

ബാഗിലുണ്ടായിരുന്ന സ്വര്‍ണമാല യുവതിയുടെ അമ്മ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ മാല മാറ്റിയ കാര്യം യുവതി അറിഞ്ഞിരുന്നില്ല. ഇതിന് പകരം വെച്ച മുക്കുപണ്ടം മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ഇന്നലെ ഉച്ചയോടെയായിരുന്നു മോഷണ ശ്രമം നടന്നത്. പമ്പിനുള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ ബാഗില്‍ നിന്നാണ് മാലയും മൂവായിരം രൂപയും മോഷണം പോയത്. വൈകിട്ട് ജോലി കഴിഞ്ഞ് പോകാനായി ബാഗ് നോക്കിയപ്പോഴാണ് യുവതി മോഷണ വിവരം അറിയുന്നത്. ഇതോടെ പമ്പിലെ സിസിടിവി പരിശോധിക്കുകയായിരുന്നു.

ദൃശ്യങ്ങളില്‍ മോഷ്ടാവ് മുറിയ്ക്ക് അകത്ത് കയറുന്നതും ബാഗില്‍ നിന്ന് മോഷണം നടത്തുന്നതും തിരിച്ച് ഇറങ്ങി പോകുന്നതും ദൃശ്യമാണ്. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.