”പത്ത് രൂപയുടെ ടിക്കറ്റില്‍ പോകാമായിരുന്ന ഇടത്തേക്ക് 31 രൂപ കൊടുക്കേണ്ട അവസ്ഥ” രണ്ടുവര്‍ഷത്തിനിപ്പുറവും കൊയിലാണ്ടിയിലെ ചെറു റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നില്ല, യാത്രച്ചെലവും കുതിച്ചുയര്‍ന്നെന്ന് നിത്യയാത്രക്കാര്‍


കൊയിലാണ്ടി: പത്ത് രൂപയുടെ ടിക്കറ്റില്‍ പോകേണ്ട ഇടത്തേക്ക് 30 രൂപ ടിക്കറ്റ് എടുത്ത് പോകേണ്ട സ്ഥിതിയാണ് റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ യാത്രികര്‍ക്കെന്നാണ് കോവിഡിന് മുമ്പ് യാത്രകള്‍ക്ക് സ്ഥിരമായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കൊയിലാണ്ടി സ്വദേശി രഘു പറയുന്നത്.

കോവിഡിന് മുമ്പ് കൊയിലാണ്ടിയിലെ ഏറെപ്പേരും ആശ്രയിച്ചിരുന്നതാണ് പാസഞ്ചര്‍ ട്രെയിനുകളെ. കൊയിലാണ്ടിയില്‍ നിന്നും തിരിച്ചുമായി മാത്രം ദിവസം രണ്ടായിരത്തോളം പ്രതിദിന യാത്രക്കാരുണ്ടായിരുന്നു. ചേമഞ്ചേരി വെള്ളറക്കാട് സ്റ്റേഷനുകളെയും ദിവസം ആഞ്ഞൂറിലേറെപ്പേര്‍ യാത്രയ്ക്കായി ആശ്രയിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ താരതമ്യേന വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താം, ട്രാഫിക് ബ്ലോക്കുകളെ ഭയക്കേണ്ട എന്നിവയായിരുന്നു ട്രെയിന്‍ യാത്രയെ നിത്യയാത്രക്കാര്‍ ആശ്രയിക്കാന്‍ കാരണം. എന്നാലിപ്പോള്‍ പലരും വലിയ തുക മുടക്കി ബസുകളെ ആശ്രയിക്കേണ്ടിവരികയാണ്.

റെയില്‍വേയില്‍ സീസണ്‍ ടിക്കറ്റ് സൗകര്യമുണ്ടായിരുന്നതിനാല്‍ മാസം അഞ്ഞൂറ് രൂപയില്‍ താഴെ മാത്രമേ കോഴിക്കോടേക്ക് സ്ഥിരമായി പോകുന്ന ഒരാള്‍ക്ക് യാത്രാ ചെലവ് ഇനത്തില്‍ വരികയുള്ളൂവെന്ന് രഘു പറയുന്നു. എന്നാലിപ്പോള്‍ ചെറു സ്‌റ്റേഷനുകളിലെ യാത്രക്കാര്‍ കൊയിലാണ്ടി സ്‌റ്റേഷനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകരാണ് കൊയിലാണ്ടി മേഖലയിലുള്ളത്. മുമ്പ് പാസഞ്ചര്‍ ട്രെയിനുകള്‍ സ്ഥിരമായി ആശ്രയിച്ചിരുന്നവരാണിവര്‍. എന്നാല്‍ ഇന്ന് ബസുകളിലോ ഇരുചക്രവാഹനങ്ങളിലോ കൊയിലാണ്ടി സ്റ്റേഷനിലെത്തി അവിടെ നിന്നും ട്രെയിന്‍ കയറി പോകുകയോ അല്ലെങ്കില്‍ യാത്രയ്ക്കായി ബസുകളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലോ ആണ് ഇവര്‍. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് 31 രൂപയാണ് ഇപ്പോഴത്തെ ബസ് ചാര്‍ജ്. അതിനാല്‍ പലര്‍ക്കും യാത്രച്ചെലവ് അഞ്ചും ആറും ഇരട്ടി വര്‍ധിച്ചെന്നും അദ്ദേഹം പറയുന്നു.

കോവിഡിനുശേഷം മറ്റെല്ലാ മേഖലയും സാധാരണ നിലയിലായിട്ടും നിര്‍ത്തി ട്രെയിനുകള്‍ പുനസ്ഥാപിക്കാനോ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഹാള്‍ട്ട് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാനോ തയ്യാറാകാത്തതിനു പിന്നില്‍ റെയില്‍വേയുടെ ലാഭക്കൊതിയാണെന്നാണ് രഘു അഭിപ്രായപ്പെടുന്നത്.

‘ ട്രെയിന്‍ യാത്രികരില്‍ വലിയൊരു വിഭാഗം സഹികെട്ട് ബസിനെ ആശ്രയിച്ചെന്നത് ശരിയാണെങ്കിലും ഇപ്പോഴത്തെ നിലയില്‍ റെയില്‍വേയ്ക്ക് ലാഭം തന്നെയാണ്. ഒന്നരലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റാണ് ഒരു ദിവസം കൊയിലാണ്ടിയില്‍ നിന്നും വിറ്റുപോകുന്നത്. ചേമഞ്ചേരി, വെള്ളറക്കാട് പോലുള്ള ഹാള്‍ട്ട് സ്‌റ്റേഷനുകള്‍ പുനസ്ഥാപിക്കാത്തത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ്’ എന്നും അദ്ദേഹം പറയുന്നു.

പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കാത്തതിനു പുറമേ കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ട്രെയിനുകള്‍ പുനസ്ഥാപിക്കാത്തതും യാത്രക്കാരെ വലക്കുന്നുണ്ട്. പേരിന് മാത്രമാണ് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുള്ളതെന്നാണ് വടകര സ്വദേശിയായ സഹദേവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. പരപ്പനങ്ങാടിയാണ് സഹദേവന്‍ ജോലി ചെയ്യുന്നത്. ദിവസവും റിസര്‍വേഷന്‍ കിട്ടാന്‍ പ്രയാസമാണ്. സാമ്പത്തിക ബുദ്ധിമുട്ട് മാത്രമല്ല, പലപ്പോഴും റിസര്‍വേഷന്‍ ലഭിക്കാതെ സ്‌റ്റേഷനിലെത്തി തിരക്കിട്ട് ടിക്കറ്റ് എടുത്ത് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ശ്വാസംകിട്ടാതെ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.