”കൊയിലാണ്ടി കാവുംവട്ടം ഒറ്റക്കണ്ടം റോഡില്‍ പുലി”; സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ വസ്തുത അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി കാവുംവട്ടം ഒറ്റക്കണ്ടത്ത് പുലിയെ കണ്ടെന്ന തരത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരണമുണ്ടായിരുന്നു. പുലിയെന്ന് തോന്നുന്ന ജീവിയുടെ ഫോട്ടോയുള്‍പ്പെടെ ഉപയോഗിച്ചാണ് പ്രചരണം.

‘ഒറ്റക്കണ്ടം റോഡില്‍ ചാണ്ടിമാഷുടെ വീടിന്റെ ബേക്കില്‍ കുന്നത്ത് മുഹമ്മദ്ക്കയുടെ പൊരേന്റെ ബേക്കിലാണ് കണ്ടത്. ഫോറസ്റ്റുകാരും ആള്‍ക്കാരുമൊക്കെയുണ്ടിപ്പം അവിടെ” എന്നാണ് പുലിയെ കണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. കൊയിലാണ്ടി ഭാഗത്ത് പുലിയെ കണ്ടെന്ന തരത്തിലുള്ള ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. അവിടെ പോകുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്നും പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോടില്‍ പുലിയിറങ്ങിയിരുന്നു. കൂട്ടിലടച്ചിരുന്ന രണ്ട് വളര്‍ത്തുപട്ടികളെ പുലി കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പൂഴിത്തോട് കുരിശുപള്ളിക്ക് സമീപത്തും പുലിയ കണ്ടിരുന്നു. ഇത്തരത്തില്‍ മുമ്പെപ്പോഴോ മറ്റെവിടെയോ പുലിയ കണ്ടതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയിലാണ്ടി ഭാഗത്തെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്.