പറഞ്ഞ കഥകളില്‍ കൊയിലാണ്ടിക്കാരന്‍ ശരണ്‍ദേവിന്റെ അതിജീവന കഥയും; എ.വി.മുകേഷ്, ക്യാമറക്കൊപ്പം എഴുത്തിലൂടെയും കണ്ണീരുപ്പ് കലര്‍ന്ന നൂറുകണക്കിന് അതിജീവന കഥകള്‍ പുറംലോകത്തെത്തിച്ച വ്യക്തിത്വം


കൊയിലാണ്ടി: ക്യാമറക്കൊപ്പം എഴുത്തിലൂടെയും തനിക്ക് ചുറ്റുമുള്ള നൂറുകണക്കിന് പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ വ്യക്തിയായിരുന്നു ഇന്ന് പാലക്കാട് കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട എ.വി.മുകേഷ്. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന മനുഷ്യരുടെ അവിശ്വസനീയമായ അതിജീവന കഥകള്‍ പങ്കുവെച്ചുളള ‘അതിജീവനം’ എന്ന കോളത്തിലൂടെ ഏറെ ശ്രദ്ധനേടി.

മുകേഷ് അതിജീവനത്തിലൂടെ പറഞ്ഞ കഥകളില്‍ ഒന്ന് കൊയിലാണ്ടിക്കാരനായ ശരണ്‍ദേവിന്റേതായിരുന്നു. 2010 സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളിലേക്ക് പോകവെ അപകടത്തില്‍പ്പെട്ട്, കണ്ടവരെല്ലാം മരണം സംഭവിച്ചെന്ന് പറഞ്ഞ, ജീവന്റെ നേരിയ മിടിപ്പ് മാത്രമുണ്ടെന്നും ഒരു ശതമാനം പോലും സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞ പെരുവട്ടൂരുകാരന്‍ ശരണ്‍ദേവിന്റെ അവിശ്വസനീയമായ അതിജീവനകഥ നമ്മള്‍ വായിച്ചത് മുകേഷിന്റെ എഴുത്തിലൂടെയായിരുന്നു. ”മരണത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള ദൂരം- സംഗീതം’ എന്ന തലക്കെട്ടില്‍ 2020 ജനുവരി 14ലായിരുന്നു മാതൃഭൂമി ന്യൂസ്.ഡോട് കോമില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചുവന്നത്.

ക്യാമറയും മനുഷ്യ മനസിനെ തൊട്ടറിയുന്ന ഹൃദയവുമാണ് മുകേഷ് ഇവിടെ ജീവിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍, ഒറ്റപ്പെട്ടവര്‍, ജീവിതം കൈവിട്ടുപോയവര്‍, തിരിച്ചുവരവിനായി അവര്‍ നടത്തിയ ശക്തമായ പോരാട്ടങ്ങള്‍ അങ്ങനെ നൂറുകണക്കിന് വേറിട്ട ജീവിതങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്.

സഹജീവികളോടുള്ള കരുതലായിരുന്നു മുകേഷിന്റെ മുഖമുദ്ര. എഴുതിയ വരികളിലും ആ കരുതലും ജീവിതങ്ങളോടുള്ള ബഹുമാനവും കാണാം. ഈ കഥകള്‍ പുറംലോകത്തെത്തിയപ്പോള്‍ ആ വാക്കുകളുടെ കരുത്തില്‍ കരപറ്റിയ ജീവിതങ്ങളും കുറവല്ല. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന കരുതി ഇരുന്ന ഒരുപാട് പേര്‍ക്ക് പ്രതീക്ഷയുടെ ഒരു കൈയായി മുകേഷിന്റെ എഴുത്തുകള്‍ നിലകൊണ്ടിരുന്നു. ആ എഴുത്തുകളിലൂടെയും ക്യാമറക്കണ്ണുകളിലൂടെയും അദ്ദേഹത്തെ അറിഞ്ഞവരുടെയും വാക്കുകളുടെ കരുത്തില്‍ ജീവിതം കരുപിടിച്ചവരുടെയും മനസില്‍ വലിയൊരു ആഘാതമേല്‍പ്പിച്ചാണ് മുകേഷ് വിടവാങ്ങിയത്. അപ്പോഴും സ്വന്തം തൊഴിലിലൂടെ മുകേഷ് പകര്‍ന്ന പ്രത്യാശയുടെ വെളിച്ചം ഇവിടെയാകെയുണ്ട്.