കോഴിക്കോട് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം വീണ്ടും പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്


പയ്യോളി: കോഴിക്കോട് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് വീണ്ടും പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്. 2021-2022 അധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങളാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ഒത്തുചേർന്നുള്ള വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാലയ ലൈബ്രറി ജനകീയ പങ്കാളിത്തത്തോടുകൂടി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2021-2022 അധ്യയന വർഷമാണ് നടപ്പാക്കിയത്. പി.ടി.എയുടെ നേതൃത്വത്തിൽ ലൈബ്രറിയനെയും നിയമിച്ചു.  പുസ്തകങ്ങൾ കുട്ടികൾക്ക് തെരഞ്ഞെടുക്കുന്നതിന് കോഹ സോഫ്റ്റ്‌വെയർ ലൈബ്രറിയിൽ നടപ്പാക്കി.

നാടകോത്സവം നടത്തിയും പുസ്തക പയറ്റ് സംഘടിപ്പിച്ചുമാണ് ലൈബ്രറി പദ്ധതി നടപ്പാക്കിയത്. സ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല അമ്മമാർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലൈബ്രറി മെമ്പർഷിപ്പ് നടപ്പാക്കി. പതിനാറ് ലക്ഷം രൂപ ചെലവിലാണ് ലൈബ്രറി പദ്ധതി യാഥാർത്ഥ്യമാക്കുയത്.

സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 15 ക്ലാസ് മുറികളിൽ വിദ്യാർഥികൾക്ക് ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ ഒരുക്കി. ബിരിയാണി ഫെസ്റ്റ് നടത്തിയാണ് ഇതിനായി പത്ത് ലക്ഷം രൂപ സംഘടിപ്പിച്ചത്. കേരള സർക്കാരിന്റെ വിവിധ തലങ്ങളിലുള്ള എട്ട് കോടി രൂപയുടെ ഫണ്ടാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എം.എൽ.എയുടെ സഹായത്തോടെ പി.ടി.എയുടെ നേതൃത്വത്തിൽ നേടിയെടുത്തത്.

കേരള വനം വകുപ്പുമായി സംയോജിച്ച് നടത്തിയ വിദ്യാവനം പദ്ധതിയും ശ്രദ്ധേയമായി. ഉച്ചഭക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ചിക്കൻ കറി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സയൻസ് ലാബുകളും സ്കൂളിലുണ്ട്.

മുഴുവൻ കുട്ടികളുടേയും ഗൃഹസന്ദർശനം പി.ടി.എയുടെ ശ്രദ്ധേയമായ പ്രവർത്തനമായി. പാവപ്പെട്ട കുട്ടികൾക്കുള്ള വീട് നിർമാണവും പി.ടി.എയുടെ ശ്രദ്ധേയമായ പ്രവർത്തനമാണ്. 2020-21 സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് പയ്യോളി ഹൈസ്കൂളിനായിരുന്നു. വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനവും 2021-22 അക്കാദമിക വർഷത്തിൽ ലഭിച്ചു. സംസ്ഥാനതലത്തിലേക്കും പി.ടി.എ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ബിജു കളത്തിൽ പ്രസിഡന്റും പ്രധാനാധ്യാപകൻ കെ.എൻ.ബിനോയ് കുമാർ, പ്രിൻസിപ്പൽ കെ.പ്രദീപൻ, കെ.സജിത്, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി.ഗിരീഷ് കുമാർ, അജ്മൽ മാടായി, സജീഷ് കുമാർ, മിനി എം.എൻ, വിൻസി എന്നിവർ ഉൾപ്പട്ട കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.