ചെങ്ങോട്ടുകാവ് മാടാക്കര ക്ഷേത്രഭണ്ഡാരം പൂട്ടുതകര്‍ത്ത് മോഷണം; സമീപത്തെ വീട്ടിലും മോഷണശ്രമം


ചെങ്ങോട്ടുകാവ്: മാടാക്കര വാവുലേരി തറവാട് ധര്‍മ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൂട്ടുതകര്‍ത്ത് മോഷണം. ഇന്നലെ വൈകുന്നേരം വിളക്ക് കൊളുത്താനായി എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന കഴിഞ്ഞമാസത്തെ പൂജയുടെ പണം നഷ്ടമായിട്ടുള്ളതായി തറവാട്ടുകാര്‍ അറിയിച്ചു.

വസന്തപുരം അമ്പലത്തിന് അടുത്തായുള്ള ഒരു കുടുംബക്ഷേത്രമാണിത്. ഏതാണ്ട് രണ്ടുവര്‍ഷമായിട്ടേയുള്ളൂ ഇവിടെ ക്ഷേത്രം വന്നിട്ട്. ക്ഷേത്രപരിപാടികളുടെ വേളയിലും മറ്റും കഴിയാനായി സമീപത്തുനിര്‍മ്മിച്ച ഡോ.എം.പത്മനാഭന്റെ വീട്ടിലും മോഷണശ്രമം നടന്നു. പൂട്ട് തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ മുറിയിലെ സാധനങ്ങള്‍ വലിച്ചുവാരിയിടുകയായിരുന്നു. ഇവിടെ നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

വൈകുന്നേരം മാത്രമേ ഈ ക്ഷേത്രത്തില്‍ പൂജ നടക്കാറുള്ളൂ. രാത്രിയിലാവാം മോഷണം നടന്നതെന്നാണ് സംശയം. ഇന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.