ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും മണിയും മോഷ്ടിച്ചു; എടവണ്ണപ്പാറ സ്വദേശിയെ കയ്യോടെ പൊക്കി പോലീസ് (വീഡിയോ കാണാം)
കോഴിക്കോട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന എടവണ്ണപ്പാറ സ്വദേശിയെ സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും ചേർന്ന് പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് പിടിയിലായത്. ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിയിലായത്. കോഴിക്കോട് വലിയങ്ങാടി പരിസരത്ത് വച്ച് സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടാംഗെയ്റ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ളോക്കുമുൾപ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും സമാനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട് ജയിൽ മോചിതരായവരെ കുറിച്ച് രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. ഒപ്പം മോഷണം നടത്തിയതിന്റെ രീതിയെ ശാസ്ത്രീയമായി അപഗ്രഥിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ സീനിയർ സിപിഓ സജേഷ് കുമാർ, സിപിഓമാരായ യു.സി.വിജേഷ്, ടി.ഷിജിത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.
വീഡിയോ കാണാം:
Summary: Theft at Virtamkandi Bhagavathy Temple. Edavannappara native arrested