നാലാംക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 62 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


നാദാപുരം: മാനസികവെല്ലുവിളി നേരിടുന്ന നാലാംക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 54 കാരന് 62 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെ (54)യാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് (പോക്‌സോ) ജഡ്ജി എം ശുഹൈബാണ് ശിക്ഷ വിധിച്ചത്.

2018ലാണ് കേസസിനാസ്പദമായ സംഭവം നടന്നത്. അശ്ലീലവീഡിയോ കാണിച്ച് പലതവണ കുട്ടിയുടെ വീട്ടിലെ വിറകുപുരയില്‍വെച്ചും അയല്‍വാസിയുടെ പണിതീരാത്ത വീട്ടില്‍വെച്ചും പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവ് വാഹനാപകടത്തില്‍പ്പെട്ട് സാരമായ പരിക്കുകളോടെ കിടപ്പിലായ സമയത്ത് സഹായിയായിവന്ന പ്രതി ഈ സമയത്തും ബാലികയെ പീഡിപ്പിച്ചു. കുട്ടി ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെവെച്ചാണ് വീട്ടുകാര്‍ പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബാലുശ്ശേരി പോലീസില്‍ അറിയിക്കുകയും ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

ലെയ്സണ്‍ ഓഫീസര്‍ നാദാപുരം പോലീസ് എസ്.സി.പി.ഒ. പി.എം. ഷാനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.