അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്‌: തലശ്ശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, ഡബിള്‍ ഡക്കര്‍ ബസില്‍ ബൈപ്പാസിലൂടെ യാത്ര നടത്തി മന്ത്രി പി.എ മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍ ഷംസീറും


കണ്ണൂര്‍: തലശ്ശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ചോനാടത്ത് ഒരുക്കിയ ഉദ്ഘാടന സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറും, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണിറായി വിജയന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രി മുഹമ്മദ് റിയാസിന്റെയും സ്പീക്കര്‍ എ.എന്‍ ഷസീറിന്റെയും നേതൃത്വത്തില്‍ ആറുവരി പാതയിലൂടെ ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര നടത്തി. ”ബൈപ്പാസ് നാടിന് ഗുണമാണെന്നത് യാഥാര്‍ത്ഥിയമാണെന്ന് മന്ത്രി പറഞ്ഞു. അതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ റോള്‍ വഹിച്ചുണ്ടെന്ന് ജനങ്ങള്‍ക്കറിയാം, പുള്ളിമാന്റെ പുള്ളി തേച്ചുമാച്ചു കളഞ്ഞാലും പോവില്ല. അതുപോലെ ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ എത്ര തേച്ചുമായ്ച്ചു കളഞ്ഞാലും മായില്ലെന്നും” മന്ത്രി പറഞ്ഞു.

18.6 കിലോമീറ്റർ ദൂരമുള്ള തലശ്ശേരി – മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമായതോടെ ഏറെക്കാലമായുള്ള യാത്രാദുരിതത്തിനും ഗതാഗതക്കുരത്തിനും പരിഹാരമായിരിക്കുകയാണ്‌. 2018 ഒക്ടോബർ 30 ന് പ്രവൃത്തി ആരംഭിച്ച പാതയുടെ മതിപ്പ് ചെലവ് 1181 കോടി രൂപയാണ്. കഴിഞ്ഞ 2020 മേയിൽ പാത തുറന്നു കൊടുക്കേണ്ടതായിരുന്നു. പ്രളയവും കൊവിഡും കാരണം പണി നിർത്തി വയ്ക്കേണ്ടി വന്നതിനാൽ വൈകി. കാലം തെറ്റി ഉണ്ടായ മഴയും പ്രതികൂലമായി. തുടർന്ന് കലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുകയായിരുന്നു. 893 കോടി രൂപയാണ് ബൈപ്പാസിനായി അനുവദിച്ചത്. ആയിരം കോടിയിലേറെ രൂപ ഇതിനകം പദ്ധതിക്ക് ചെലവഴിച്ചു

ട്രയല്‍ റണ്ണിന്റെ ഭാഗമായി ഇന്നലെ ബൈപ്പാസില്‍ സൗജന്യ വാഹനയാത്ര അനുവദിച്ചിരുന്നു. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങള്‍ ബൈപ്പാസിലൂടെ കടക്കാന്‍ 65 രൂപയാണ് ടോള്‍ നിരക്ക്. ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കില്‍ 100 രൂപ മതി. ബസുകള്‍ക്കും ലോറിക്കും (2 ആക്സില്‍) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 335 രൂപയും നല്‍കണം. 8105 രൂപയ്ക്ക് പ്രതിമാസ പാസും ലഭ്യമാണ്.

3 ആക്സില്‍ വാഹനങ്ങള്‍ക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതല്‍ 6 വരെ ആക്സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 350 രൂപ നല്‍കണം. 7 ആക്സിലിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണ് നിരക്ക്. 50 യാത്രകള്‍ക്ക് 2195 രൂപ എന്ന തരത്തില്‍ പ്രതിമാസ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്സി വാഹനങ്ങള്‍ക്ക് 35 രൂപയും മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയുമാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയാണ് നിരക്ക്.

ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് 330 രൂപ നിരക്കില്‍ പ്രതിമാസ പാസ് നല്‍കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാനുള്ള കരാറുള്ളത്.