‘ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമാണ് അധ്യാപന ജീവിതം’; വീണ്ടും പഴയ ടീച്ചറായി മേമുണ്ടയിലെ വിദ്യാര്‍ത്ഥികളോട് സംവദിച്ച് കെ.കെ ശൈലജ ടീച്ചര്‍


വടകര: വീണ്ടും പഴയ ടീച്ചറായി വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍.  ടീച്ചറുമായി സംവദിക്കണമെന്ന കുട്ടികളുടെ ആഗ്രഹപ്രകാരം മേമുണ്ട,കുട്ടോത്ത് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളോടാണ് ശൈലജ ടീച്ചര്‍ ആശയവിനിമയം നടത്തിയത്.

സംശയങ്ങല്‍ ചോദിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും തിരക്കിട്ട തിരഞ്ഞെടു്പ്പ് പ്രചരണത്തിനിടയില്‍ കുറച്ച് സമയം കുട്ടികളോട് സംവദിച്ചു. കോവിഡ്കാലത്തെ അനുഭവം, നിയമസഭയില്‍ നടപടികള്‍, മൊള്‍ഡോവ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായതിന്റെ വിശേഷങ്ങള്‍,അധ്യാപനകാലത്തെ വിശേഷങ്ങള്‍ തുടങ്ങിയവ ചോദ്യങ്ങളായി. ഇവയ്‌ക്കെല്ലാം ചുരുങ്ങിയ വാക്കുകളില്‍ കൃത്യമായി ടീച്ചര്‍ കാര്യങ്ങള്‍ വിവിരിച്ചു.

‘ക്ലാസ് മുറിയില്‍ മുന്നിലിരിക്കുന്ന കുട്ടികള്‍ സമൂഹത്തിന്റെ നഖചിത്രമാണ്. അവരുടെ ജീവിതാനുഭവങ്ങളും സന്തോഷങ്ങളും സന്താപങ്ങളുമെല്ലാം തിരിച്ചറിയാന്‍ കഴിയുന്നതും, ഇടപെടുന്നതും അങ്ങേയറ്റം മനസ്സിന് സംതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആയിരുന്നുവെന്ന് ശൈലജ ടീച്ചര്‍ അധ്യാപക ജീവിതത്തെ ഓര്‍ത്തെടുത്ത് പറഞ്ഞു.

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമാണ് അധ്യാപന ജീവിതം. കണ്ണൂര്‍ ശിവപുരം ഹൈസ്‌കൂളില്‍ സയന്‍സ് അധ്യാപികയായി 1981 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അധ്യാപികയാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

പിന്നീട് രാഷ്ട്രീയജീവിതത്തിലേക്ക് ചുവട് വച്ചതോടെ 2004ല്‍ അധ്യാപക സ്ഥാനത്ത് നിന്നും വിരമിക്കേണ്ടിവന്നു. പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആരോഗ്യമന്ത്രിയായപ്പോഴും സ്‌കൂള്‍ അനുഭവപാഠങ്ങള്‍ മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ കുട്ടികളോട് പങ്കുവെച്ചു. കുട്ടികളുമായി ഏറെ നേരം സംവദിച്ചാണ് ടീച്ചര്‍ മടങ്ങിയത്.