ലോക്സഭാ തിരഞ്ഞെടുപ്പ്: കെ കെ ശെെലജ ടീച്ചർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും


വടകര: വടകര ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ലോക്സഭാ തെരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ രാവിലെ പതിനൊന്ന് മണിക്ക് വടകര മണ്ഡലത്തിന്റെ വരണാധികാരി എഡിഎം കെ അജീഷ് മുൻപാകെയാണ് പത്രിക നൽകുക.

സ്ഥാനാർത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാൾക്കോ നാമനിർദ്ദേശ പത്രിക നൽകാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നൽകേണ്ടത്. ഉപവരണാധികാരി വടകര ആർഡിഒ അൻവർ സാദത്ത് പി ആണ്.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏപ്രിൽ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി.

നിലവിൽ രണ്ട് പേരാണ് ജില്ലയിൽ നാമനിർദേശം നൽകിയത്. കോഴിക്കോട് പാർലമെന്റ് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാർഥി ഡോ. എം .ജ്യോതിരാജ് ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് നാമനിർദ്ദേശപത്രിക നൽകിയത്. യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനാണ് പത്രിക നൽകിയ മറ്റൊരു സ്ഥാനാർത്ഥി. വരണാധികാരിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് മുൻപാകെയാണ് ഇരുവരും പത്രിക നൽകിയത്.