മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; വടകര സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ


മടപ്പള്ളി: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ്‌ ഫുറൈസ് ഖിലാബിനെ (24) ആണ് ചോമ്പാല പോലീസ്‌ അറസ്റ്റ് ചെയ്തത്.

അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ്‌ ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന 3 വിദ്യാർത്ഥിനികളെ ബസ് ഇടിച്ച് തെറിപ്പിച്ചത്. കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് തൊട്ടുപിന്നാലെ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. പരിക്കേറ്റ ശ്രേയ, ഹൃദ്യ, ദേവിക എന്നീ കുട്ടികളെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ബസ് അന്നു തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചിരുന്നു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞത്‌.