പാനൂരിലെ ബോംബ് സ്‌ഫോടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍


വടകര: തെരഞ്ഞെടുപ്പ് വേളയില്‍ പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായതും പത്തോളം ബോംബുകള്‍ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ഷാഫി വ്യക്തമാക്കി.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഇതിനകം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു.കൊല്ലപ്പെട്ടവരുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നാട്ടുമര്യാദയല്ല പാര്‍ട്ടി മര്യാദയാണെന്നും ഷാഫി പരിഹസിച്ചു.

പാനൂരില്‍ സ്‌ഫോടനമുണ്ടായ ബോംബ് നിര്‍മ്മാണ സംഘവുമായി പാര്‍ട്ടിക്കും തനിക്കും ബന്ധമില്ലെന്നായിരുന്നു കെ.കെ.ശൈലജ ടീച്ചറുടെ പ്രതികരണം. വടകരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യുകയാണ്. വിഷയ ദാരിദ്ര്യം കൊണ്ടാണ് യു.ഡി.എഫ് അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. പാനൂരിലേത് ക്രിമിനല്‍ പ്രവര്‍ത്തനമാണ്. അതുമായി പാര്‍ട്ടിക്ക് ബന്ധമില്ല. മകന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് മരിച്ചയാളുടെ അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.