‘യൂട്യൂബ് ചാനല്‍ വഴി ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയത് വസ്തുതാവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശം’; റിട്ടയേര്‍ഡ് ജഡ്ജി ബി.കമാല്‍ പാഷയ്ക്ക് എല്‍.ഡി.എഫ് വടകര ലോക്‌സഭ മണ്ഡലം കമ്മിറ്റിയുടെ നോട്ടീസ്


വടകര: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ യൂട്യൂബ് ചാനല്‍ വഴി വ്യക്തിഹത്യാപരമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് റിട്ടയേര്‍ഡ് ജഡ്ജി ബി.കമാല്‍ പാഷയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്. എല്‍.ഡി.എഫ് വടകര ലോകസഭ മണ്ഡലം കമ്മറ്റിയാണ് നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ അധിക്ഷേപങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയുന്നില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

മുന്‍ ന്യായാധിപന്‍ എന്ന നിലയില്‍ തനിക്കുള്ള സാമൂഹിക സ്വീകാര്യതയെ ദുരുപയോഗം ചെയ്തു കൊണ്ടാണ് അങ്ങേയറ്റം വസ്തുതാ വിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. വസ്തുതകള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്നിലിരിക്കുന്ന തെളിവുകള്‍ക്കുമെതിരെ കണ്ണടച്ച് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വെള്ളപൂശാനായി ഫേക്ക് വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഇല്ലെന്നും അതുണ്ടെന്ന് പറഞ്ഞു ശൈലജ പത്രസമ്മേളനം നടത്തിയത് തെരഞ്ഞെടുപ്പു ജയിക്കാനുള്ള തന്ത്രമാണെന്നും ആക്ഷേപിച്ചത്. ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള കമല്‍ പാഷയുടെ വിലകുറഞ്ഞ രാഷ്രീയ പ്രചരണമാണെന്നും എല്‍.ഡി.എഫ് വടകര ലോക്‌സഭാ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു.

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വ്യാജ വീഡിയോകളും പോര്‍ണോ ചിത്രങ്ങളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ നിരവധി പരാതികളുണ്ട്. എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറിയുടെയും മറ്റും പരാതി പ്രകാരം പേരാമ്പ്ര, ബാലുശ്ശേരി, ചാവക്കാട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ഇതൊന്നുമറിയാതെയാണോ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി മുന്‍ ജഡ്ജി എന്ന സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് മിസ്റ്റര്‍ കമല്‍ പാഷാ വ്യക്തിഹത്യ പരമായ പ്രസ്താവന നടത്തിയതെന്ന് പ്രസ്താവനയില്‍ ചോദിക്കുന്നു.

ശൈലജ ടീച്ചര്‍ക്കെതിരായി പ്രചരിക്കുന്ന ഫേക്ക് വീഡിയോകളും പോര്‍ണോ ചിത്രങ്ങളും അശ്ലീല കമന്റുകളും അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരിക്കുന്ന പരാതികളും ശാസ്ത്രീയ തെളിവുകളും അനുബന്ധ രേഖകളും പരിശോധിക്കാതെയാണ് കമാല്‍ പാഷ ശൈലജ ടീച്ചറെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന രീതിയില്‍ വീഡിയോ പ്രസ്താവന നടത്തിയതെന്നും വടകര ലോക്‌സഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍, സെക്രട്ടറി വത്സന്‍ പനോളി എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു.