2014 ല്‍ ഷംസീറിനെ വീഴ്ത്തി, 2024 ല്‍ ശൈലജ ടീച്ചറേയും കുരുക്കുമോ? അപരന്മാർ ചില്ലറക്കാരല്ല, ഷാഫിക്കും ആശ്വസിക്കാന്‍ വകയില്ല, സുധീരന്റെ ഗതി വരുമോ?


വടകര: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുണ്ടാകുക സാധാരണമാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തില്‍ കെ.കെ.ശൈലജയ്ക്കും മൂന്നും ഷാഫിക്ക് രണ്ടും അപരന്മാരുണ്ട്. പ്രധാന സ്ഥാനാര്‍ത്ഥിയുടെ വോട്ടില്‍ കുറച്ചെങ്കിലും പിടിക്കുക എന്ന ലക്ഷ്യത്തോടെ പേരില്‍ ഏറെ സാമ്യമുള്ളവരെയാണ് അപരന്മാരായി നിര്‍ത്തുന്നത്.

വടകരയെ സംബന്ധിച്ച് അപരന്മാര്‍ അത്ര നിസാരക്കാരല്ല. വടകര നിര്‍ണായക ശക്തിയായി അപരന്മാര്‍ മാറിയ ചരിത്രത്തിന് അത്രയൊന്നും പഴക്കമില്ല. 2014ലെ തെരഞ്ഞെടുപ്പിലാണ് അത് സംഭവിച്ചത്. അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.എമ്മിന്റെ എ.എന്‍.ഷംസീറിനെ തോല്‍പ്പിച്ചത്, മുല്ലപ്പള്ളി രാമചന്ദ്രനല്ല, ഷംസീര്‍ തന്നെയാണെന്ന് പറയിപ്പിച്ചിട്ടുണ്ട് അന്നത്തെ അപരന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനോട് 3306 വോട്ടുകള്‍ക്കാണ് ഷംസീര്‍ പരാജയപ്പെട്ടത്. എന്ന് എ.എന്‍.ഷംസീറിന്റെ അപരനായി മത്സരിച്ച എ.പി.ഷംസീര്‍ 3485 വോട്ടുകള്‍ നേടിയിരുന്നു. ഷംസീറിന്റെ അതേ പേരില്‍ രംഗത്തെത്തിയ സ്ഥാനാര്‍ത്ഥി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടു പിടിച്ചത് അന്നത്തെ എല്‍.ഡി.എഫ് ക്യാമ്പില്‍ ചെറിയ ഞെട്ടലൊന്നുമല്ല ഉണ്ടാക്കിയത്.

അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ കെ.കെ.ശൈലജ ടീച്ചറുടെ അപരന്മാരെ എല്‍.ഡി.എഫ് അത്ര നിസാരക്കാരായി കാണാന്‍ സാധ്യതയില്ല. കെ.ശൈലജ, കെ.കെ.ശൈലജ, പി.ശൈലജ എന്നിവരാണ് അപരന്മാരായി വടകരയില്‍ മത്സരിക്കുന്നത്. ഷാഫി, ഷാഫി ടി.പി, എന്നിവരാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ അപരന്മാര്‍.

വടകരയെ മാത്രമല്ല അപരന്മാര്‍ ഞെട്ടിച്ചിട്ടുള്ളത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നായ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതിലും അപരന്റെ പങ്ക് വ്യക്തമായിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എം.സുധീരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് മനോജ് തമ്മിലുള്ള പോരാട്ടത്തില്‍ 1009 വോട്ടിന് മനോജാണ് ജയിച്ചത്. വി.എം.സുധീരന്റെ അപരനായിരുന്ന വി.എസ്.സുധീരന്‍ പിടിച്ചത് 8282 വോട്ടും. കേരളത്തില്‍ മറ്റൊരപരനും ഇതുവരെ ഇത്രയേറെ വോട്ടുപിടിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ തന്നെ മറ്റൊരു ഉദാഹരണം കൂടി പറയാം. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.കെ.രാഘവനും എല്‍.ഡി.എഫില്‍ നിന്ന് മുഹമ്മദ് റിയാസും മത്സരിച്ചപ്പോള്‍ രാഘവന് രണ്ടും റിയാസിന് മൂന്നും അപരന്മാരാണുണ്ടായത്. 833 വോട്ടിന് രാഘവന്‍ ജയിച്ച വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന്റെ മൂന്ന് അപരന്മാരും കൂടി നേടിയത് 6371 വോട്ടുകളാണ്. അത്രയില്ലെങ്കിലും 2743 വോട്ടുകള്‍ യു.ഡി.എഫ് അപരന്മാരും കൊണ്ടുപോയി.

തീര്‍ന്നില്ല ചരിത്രം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മൂവാറ്റുപുഴയില്‍ പി.സി തോമസും ജോസ് കെ.മാണി, അഡ്വ. പി.എം.ഇസ്മയില്‍ എന്നിവര്‍ ശക്തമായ ത്രികോണമത്സരം കാഴ്ചവെച്ച വോട്ടെടുപ്പ്. പി.സി.തോമസിന് അന്ന് രണ്ട് അപരന്മാരുണ്ട്. ഒറിജിനല്‍ പി.സിയുടെ ചിഹ്നം ടെലിവിഷനും അപരന്മാരുടെ ചിഹ്നം ഹാര്‍മോണിയവും വീടും. ബാലറ്റ് പേപ്പറില്‍ മൂന്നും ഏതാണ്ട് ഒരുപോലെ തോന്നും. അന്ന് രണ്ട് അപരന്മാരും കൂടി പിടിച്ചത് 5189 വോട്ട്. കഷ്ടിച്ച് 529 വോട്ടിനാണ് അന്ന് പി.സി.തോമസ് ജയിച്ചത്. ഇങ്ങനെ ചരിത്രം ചികഞ്ഞാല്‍ അപരന്മാര്‍ പാരയായ തെരഞ്ഞെടുപ്പുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏറെയുണ്ട്.