അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍; ലോക നാടകദിനമായ ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ അരങ്ങേറും ‘ഇവന്‍ രാധേയന്‍’
കൊയിലാണ്ടി: നാടകങ്ങളോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് ആ മഹത്തായ കലയുടെ പ്രാധാന്യം ഓര്‍ക്കാനുള്ള ദിനമാണ് ഇന്ന്. അതെ, മാര്‍ച്ച് 27 ലോകമാകെ നാടകദിനമായി ആചരിക്കുകയാണ്. ഈ നാടകദിനത്തില്‍ കൊയിലാണ്ടിക്കാര്‍ക്കും അഭിമാനിക്കാനുള്ള കാര്യങ്ങളുണ്ട്.
അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍ നിരവധിയുള്ള ട്രൂപ്പാണ് കീഴരിയൂരിലെ സ്വാതി തിയേറ്റേഴ്‌സ്. കോഴിക്കോട്ടെ മാത്രമല്ല, കേരളത്തിലാകെ അറിയപ്പെടുന്ന പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ച ട്രൂപ്പുകളിലൊന്നാണ് സ്വാതി തിയേറ്റേഴ്‌സ്. ഒരു ഗ്രാമത്തിന്റെ സ്വപ്‌നവും അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രയത്‌നവുമാണ് സ്വാതി തിയേറ്റേഴ്‌സിന്റെ വിജയം.
നാടകത്തിനോട് അഭിനിവേശമുള്ളവരും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ ഒരു കൂട്ടം ആളുകളാണ് സ്വാതി തിയേറ്റേഴ്‌സിന് പിന്നില്‍. രചനയും സംവിധാനവും അഭിനയവും തുടങ്ങി അരങ്ങിലും അണിയറയിലുമെല്ലാം കൊയിലാണ്ടിക്കാരാണുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് സ്വാതിയുടെ നാടകങ്ങള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ അവതരിപ്പിച്ചത് ഒരേ മനസോടെയുള്ള ഈ കൂട്ടായ്മയുടെ കഠിനാധ്വാനമാണ്.
2018 സ്വാതി തിയേറ്റേഴ്‌സ് സ്‌റ്റേജിലേക്ക് ചുവടുവച്ചത്. വിഷകണ്ഠന്‍ ആയിരുന്നു ആദ്യനാടകം. തൊട്ടടുത്ത വര്‍ഷം ഇവന്‍ രാധേയന്‍ എന്ന നാടകവും സ്വാതിയുടേതായി എത്തി. അപ്പോഴേക്കാണ് വില്ലനായി കോവിഡ് എത്തിയത്. മഹാമാരി കാരണം നഷ്ടമായത് മുന്‍കൂട്ടി ബുക്ക് ചെയ്ത ഇരുപതോളം വേദികളാണ്. എന്നിട്ടും തളരാതെ പിടിച്ച് നില്‍ക്കാന്‍ സ്വാതി തിയേറ്റേഴ്‌സിന് കഴിഞ്ഞത് അണിയറക്കാരുടെ നിശ്ചയദാര്‍ഢ്യമൊന്നു കൊണ്ട് മാത്രമാണ്.
വിവിധ വകുപ്പുകളില്‍ ജോലി ചെയ്ത് വിരമിച്ചവര്‍, വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സ്വാതിയിലുണ്ട്. മുന്‍കൂര്‍ അനുമതിയോടെ നാടകത്തില്‍ അഭിനയിക്കുന്ന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും എത്തിയത് നാടകമെന്ന കലയോടുള്ള അടക്കാനാവാത്ത സ്‌നേഹം കൊണ്ട് മാത്രം.
2022 ല്‍ ശ്രീകൃഷ്ണകഥയിലെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തി കൃഷ്ണായനം എന്ന പുതിയ നാടകവും സ്വാതി തിയേറ്റേഴ്‌സ് അവതരിപ്പിച്ചു. ഇവന്‍ രാധേയന്‍ എന്ന നാടകം കര്‍ണ്ണന്റെ ജീവിതകഥയാണ് പറയുന്നത്. എന്നാല്‍ പുരാണകഥയെ സമകാലിക സാമൂഹ്യപശ്ചാത്തലവുമായി കോര്‍ത്തിണക്കി വ്യത്യസ്തമായാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്.
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് സ്വാതി തിയേറ്റേഴ്‌സിന്റെ ഇവന്‍ രാധേയന്‍ ഇന്ന് രാത്രി അവതരിപ്പിക്കും. ക്ഷേത്രപരിസരത്ത് തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് നാടകം അരങ്ങേറുക.
രവി എടത്തിലാണ് സംവിധാനം. ഗാനങ്ങള്‍ രമേശ് കാവില്‍, നിധീഷ് നടേരി, എടത്തില്‍ രവി, സംഗീതം കാവുംവട്ടം ആനന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജീവ് നാരായണന്‍, രംഗപടം ശശി കോട്ട്, ദീപവിതാനം വിപിന്‍ ലൈറ്റ് ഇന്ത്യ, പശ്ചാത്തല സംഗീതം വിനോദ് നിസരി, റിക്കാര്‍ഡിങ് ഹരീഷ് കൊയിലാണ്ടി.