കോഴിക്കോട് നിപ്പ സംശയം: രണ്ട് കുട്ടികളുടെ നില ഗുരുതരം; മരുതോങ്കരയിലും ആയഞ്ചേരിയിലും പ്രാദേശിക അവധി


കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. നിപ്പയെ തുടര്‍ന്ന് മരിച്ചുവെന്ന് കരുതപ്പെടുന്ന മരുതോങ്കര സ്വദേശിയുടെ മക്കളായ നാല് വയസുകാരന്റെയും ഒമ്പത് വയസുകാരന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതില്‍ ഒമ്പതുകാരന്റെ നില അതീവഗുരുതരമാണ്. ഈ കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

അതേസമയം മരിച്ചയാളുടെ ബന്ധുവായ ചികിത്സയിലുള്ള 25 കാരന്റെ നില തൃപ്തികരമാണെന്നും വിവരമുണ്ട്. തിങ്കളാഴ്ചയാണ് രണ്ട് പനി മരണങ്ങള്‍ നിപ്പ വൈറസ് മൂലമാണെന്ന സംശയം ഉയര്‍ന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം വന്നാല്‍ മാത്രമേ നിപ്പ സ്ഥിരീകരിക്കാന്‍ കഴിയൂ.

മരിച്ച വ്യക്തികളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനായുള്ള ഫീല്‍ഡ് സര്‍വ്വേ പുരോഗമിക്കുകയാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക പരിശോധനയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം.

നിപ്പ വൈറസ് സംശയം ഉയര്‍ന്നതിനാല്‍ ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 30 നാണ് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വച്ച് പനി ബാധിച്ച് ആദ്യരോഗി മരിക്കുന്നത്. മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു രണ്ടാമത്തെ രോഗിയുടെ മരണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.