”ആയാളുടെ വരവിനു ശേഷം മണി ഓര്‍ഡറും പെന്‍ഷനും കിട്ടിയാല്‍ അടുപ്പ് പുകയുന്ന കാലമുണ്ടായിരുന്നു” നാലുപതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം വിരമിക്കുന്ന ഊരള്ളൂരിലെ പോസ്റ്റുമാന്‍ ഭാസ്‌കരനെക്കുറിച്ച് സുമേഷ് സുധര്‍മന്‍ എഴുതുന്നു


രിക്കുളം പോസ്റ്റ് ഓഫീസിന് കീഴില്‍ ആയിരുന്ന ഊരള്ളൂര്‍, ഊട്ടേരി, വാകമോളി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 1982 ഫെബ്രുവരി 25 നു ഊരള്ളൂരില്‍ പുതിയ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് മുതല്‍ ഭാസ്‌കരന്‍ തന്നെയാണ് പോസ്റ്റ്മാന്‍. വിദേശത്ത് നിന്നുള്ള കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും പ്രതീക്ഷിച്ചിരിക്കുന്ന ആക്കാലത്തെ ജനങ്ങളുടെ പ്രിയപ്പെട്ടവന്‍ ആയി മാറി ഭാസ്‌ക്കരേട്ടന്‍.

പോസ്റ്റ് കാര്‍ഡും എയര്‍ മെയിലും ഇന്‍ലന്‍ഡും ബുക്ക് പോസ്റ്റുകളും മറ്റ് നിരവധി കത്തുകളും മണി ഓര്‍ഡറും അടങ്ങിയ ഭാരമേറിയ ബാഗുമായി കിലോ മീറ്ററുകളോളം കുണ്ടു കുഴിയും മലകളും വെള്ളം കെട്ടി നില്‍ക്കുന്ന വയലുകളും താണ്ടി വരുന്ന ഭാസ്‌കരേട്ടന്‍ ഈ നാട്ടുകാരുടെ പ്രത്യാശ ആയിരുന്നു. 1500ല്‍ അധികം വീട്ടുകാരുമായി ഉള്ള നിരന്തര സമ്പര്‍ക്കം മൂലം ഭാസ്‌കരനെ കുടുംബാംഗം പോലെയാണ് ഊരള്ളൂര്‍ക്കാര്‍ കാണുന്നത്.

പെന്‍ഷന്‍ കിട്ടാന്‍ കാത്തു നില്‍ക്കുന്നവരുടെ കണ്ണിലെ പ്രത്യാശ ആയിരുന്നു ടി.ടി.ഭാസ്‌കരന്‍. ആയാളുടെ വരവിനു ശേഷം മണി ഓര്‍ഡറും പെന്‍ഷനും കിട്ടിയാല്‍ അടുപ്പ് പുകഞ്ഞു വയറു പുകയുന്നത് മാറിയ കാലം ഉണ്ടായിരുന്നു. ജോലിയോടൊപ്പം ഈ നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങള്‍ പറഞ്ഞു കൊടുക്കാനും പെന്‍ഷന്‍ കിട്ടാനുള്ള മാര്‍ഗങ്ങള്‍ കാണിച്ചും ചികിത്സ സഹായത്തിനുള്ള അപേക്ഷ തയ്യാറാക്കിയും ലോണ്‍ കിട്ടാനുള്ള സഹയങ്ങള്‍ ചെയ്തും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് അറിവ് നല്‍കിയും ഭാസ്‌കരേട്ടന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടി ആയി മാറുകയാണ് ഉണ്ടായത്.

പോസ്റ്റ് ഓഫീസില്‍ ഫോണ്‍ വന്നപ്പോഴുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചത് ഇന്നും ഓര്‍ക്കുന്നു. ഫോണ്‍ വന്നതോടെ പലരും അടിയന്തിര കാര്യങ്ങള്‍ അറിയിക്കല്‍ അതിലൂടെ ആയി. നാട്ടുകാരെ ഈ വിവരം അറിയിക്കലും പോസ്റ്റ്മാന്റെതായി മാറി. കാലം മാറി ആധുനിക വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഫോണും വാട്‌സ്ആപ്പ് ആപ്പും നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്തു ഈ കഥ കള്‍ക്ക് ചിലപ്പോള്‍ പ്രാധാന്യം ഉണ്ടാവില്ല. എന്നാല്‍ ആ കാലത്തു ജീവിച്ചവര്‍ക്ക് പോസ്റ്റ് ഓഫീസ് തന്നെയായിരുന്നു പ്രധാന വാര്‍ത്താ വിനിമയ മാര്‍ഗം. ഭാസ്‌കരന്‍ തന്നെയായിരുന്നു സന്ദേശ വാഹകന്‍.

പോസ്റ്റ് മാന്‍ ആയി ജോലി നോക്കുമ്പോഴും ഇതു ഒരു സേവനം കൂടി ആയിട്ടാണ് അദ്ദേഹം കണ്ടത്. തുച്ഛമായ മാസ ശമ്പളം മാത്രമാണ് ED ജീവനക്കാര്‍ എന്നറിയപ്പെടുന്ന ഗ്രാമീണ പോസ്റ്റ് മാന്‍ മാര്‍ക്ക് ലഭിക്കുന്നത്. വിരമിച്ചാല്‍ പെന്‍ഷന്‍ പോലും ഇവര്‍ക്കില്ല. മറ്റു ആനുകൂല്യങ്ങളും ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നകുന്നില്ല. ഗ്രാമീണ പോസ്റ്റ് ഓഫിസുകളുടെ പരിമിതികളും പ്രയാസങ്ങളും അതെ പോലെ ജീവനക്കാരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ജന പ്രതിനിധികള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍ ചെയര്‍മാന്‍ ആയുള്ള പൗരാവലി സമുചിതമായ യാത്രയയപ്പിന് ഒരുങ്ങുകയാണ്. ഭാസ്‌കരേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

Summary: Sumesh Sudharman writes about Urallur Postman Bhaskaran, who retires after four decades of service