ജോലി നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ വഞ്ചിച്ച മാനേജ്മെൻറ് നീതി പാലിക്കണം, പണം തിരികെ നൽകണം; കെ.എം.എച്ച് എസ്.എസ് മാനേജ്മെന്റിനെതിരെhss പ്രതിഷേധം ശക്തം


പയ്യോളി: അധ്യാപക നിയമനം നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ കൈപറ്റുകയും വർഷങ്ങളായിട്ടും നിയമനം നൽകാതിരുന്ന കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് ഉദ്യോഗാർത്ഥികളോട് കൊടും വഞ്ചനയാണ് നടത്തിയതെന്ന് എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ. മാനേജ്മെന്റ് ഉടൻ തന്നെ ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ നിയമന തട്ടിപ്പിനെതിരെ നടന്നു വരുന്ന അനിശ്ചിതകാല സമര പന്തൽ സന്ദർശിച്ച് സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ടി.അബ്ദുറഹിമാൻ, എസ്.വി.റഹ്മത്തുള്ള ,ചെറിയാവി സുരേഷ് ബാബു, എം.പി.ഭരതൻ, ഇരിങ്ങൽ അനിൽകുമാർ യു.ടി. കരീം , പി.വി.സജിത്ത്, വളപ്പിൽ ഉഷ, എം.ടി. ചന്ദ്രൻ ,പത്മരാജൻ , മിനിഷ , അബ്ദുൾ ലത്തീഫ്,രജിത ,എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് മുപ്പതോളം പേരെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് വഞ്ചിച്ചതായാണ് പരാതി. 2016 മുതലാണ് സ്‌കൂളില്‍ നിയമനം വാഗ്ദാനം ചെയ്ത് മാനേജ്‌മെന്റ് പലരില്‍ നിന്നായി പണം വാങ്ങിത്തുടങ്ങിയത്. ഒരു വിഷയത്തില്‍ നിയമനത്തിനായി അഞ്ച് പേരില്‍ നിന്നൊക്കെയാണ് പണം വാങ്ങിയത്. ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയെന്ന ലക്ഷ്യം തന്നെയായിരുന്നു പണപ്പിരിവിനെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് സമരസമിതി ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളിന് മുമ്പില്‍ പന്തലുകെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.