സംസ്ഥാന സ്‌പോര്‍ട്‌സ്‌ അക്കാദമിയുടെ ജില്ലാ സെലക്ഷൻ ട്രയൽസ് 13ന്, വിശദ വിവരങ്ങള്‍ അറിയാം


Advertisement

കോഴിക്കോട്‌: ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാംവർഷ ക്ലാസുകളിലേക്കുള്ള സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ ജില്ലാ സെലക്ഷൻ ഫെബ്രുവരി 13ന്. രാവിലെ എട്ടുമണിക്ക് ഈസ്റ്റ് ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്.

Advertisement

അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയുടെ സെലക്ഷനാണ് നടക്കുക. പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവരിൽ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണനയുണ്ട്. ദേശീയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

Advertisement

വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവരിൽ സ്കൂൾ തലത്തിൽ ആൺകുട്ടികൾക്ക് 170 സെൻറീമീറ്ററും പെൺകുട്ടികൾക്ക് 163 സെൻറീമീറ്ററും പ്ലസ് വൺ/കോളേജ് തലങ്ങളിൽ ആൺകുട്ടികൾക്ക് 185 സെൻറീമീറ്ററും പെൺകുട്ടികൾക്ക് 170 സെൻറീമീറ്ററും ഉയരം വേണം.

Advertisement

വിശദവിവരങ്ങൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടണം, ഫോൺ: 0495-2722593, 8078182593, 9961775522.