ചെങ്ങോട്ടുകാവിലെ ശ്രീരാമാനന്ദ ആശ്രമമന്ദിരം ഇനി പുതുരൂപത്തില്‍; നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള വിദ്യാരംഭം ഇന്ന്


ചെങ്ങോട്ടുകാവ്: നവീകരിച്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ ആശ്രമമന്ദിരം സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യന്‍ അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. എന്തിന്റെ പേരിലായാലും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ യുദ്ധങ്ങളും സങ്കടകരമാണെന്ന് സ്വാമികള്‍ പറഞ്ഞു. യുദ്ധം ഇല്ലാത്ത നല്ല നാളേക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സങ്കല്പവും ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്വാമികള്‍ അഭിപ്രായപ്പെട്ടു.

ശ്രീരാമാനന്ദാശ്രമം മഠാധിപതി ഡോ.ധര്‍മാനന്ദസ്വാമി അധ്യക്ഷത വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പറമ്പത്ത് ദാസനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. മേലൂര്‍ രാമകൃഷ്ണ മഠത്തിലെ സുന്ദരാനന്ദ
സ്വാമികള്‍, ജ്ഞാനാനന്ദ കുടീരം ഇരുനിലംകോട് നിഖിലാനന്ദ സരസ്വതിസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശാന്താനസ്വാമികള്‍ ശിവാനന്ദാശ്രമം നന്മണ്ട, ധര്‍മാനന്ദസ്വാമികള്‍ പന്തീരാങ്കാവ്, ശ്രീധരാനന്ദ സ്വാമികള്‍ മണ്ണൂര്‍ പാലക്കാട്, പ്രണവാനന്ദ സ്വാമികള്‍ സംബോധ് ഫൗണ്ടേഷന്‍ കൊല്ലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അഡ്വക്കേറ്റ് എന്‍.ചന്ദ്രശേഖരന്‍ സ്വാഗതവും എന്‍.സന്തോഷ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങിന് വി.പി.പ്രമോദ് നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത നര്‍ത്തകിമാര്‍ അവതരിപ്പിച്ച നൃത്താര്‍ച്ചന, വിശേഷാല്‍ പൂജകള്‍, ഭജന്‍സ്, 24ാം തീയതി വിദ്യാരംഭത്തോടു കൂടി നവരാത്രി ആഘോഷംസമാപിക്കും.