മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങിനടന്ന് കടകളില്‍ മോഷണം; ജില്ലയിലും അയല്‍ ജില്ലകളിലുമായി നിരവധി വാഹന മോഷണക്കേസ്, കോഴിക്കോട് യുവാവ് പോലിസ് പിടിയില്‍


Advertisement

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിവായി വാഹനം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കരുവിശ്ശേരി കരൂല്‍ത്താഴം സ്വദേശി സാജല്‍(18) എന്ന കണ്ണനാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാന്ധിറോഡ് ഭാഗത്തുനിന്ന് മോഷ്ടിച്ച വാഹനവുമായി പിടികൂടിയത്.

Advertisement

ആക്റ്റീവ, ആക്‌സസ് ഇനത്തില്‍പ്പെട്ട സ്‌കൂട്ടറുകളാണ് പ്രധാനമായും ഇയാള്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ചെടുക്കുന്ന സ്‌കൂട്ടറുകള്‍ കുറച്ചുനാള്‍ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയുമാണ് പതിവ്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവയും മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ ശ്രീനിവാസ് പറഞ്ഞു.

Advertisement

മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങിനടന്ന് കടകളില്‍ മോഷണം നടത്തുകയും പതിവായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ജില്ലയിലും അയല്‍ ജില്ലകളിലും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി മനസിലാക്കിയതായും പോലീസ് പറഞ്ഞു.

Advertisement

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, സുമേഷ്, വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍,സീനിയര്‍ സിപിഒ ജോഷി എന്നിവരും ഉണ്ടായിരുന്നു.