വീണ്ടും ഹാട്രിക് നേട്ടവുമായി കക്കയത്തിന്റെ കുഞ്ഞാറ്റ; അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ നേപ്പാളിനെ 4-1ന് പരാജയപ്പെടുത്തി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ധാക്ക: കക്കയം സ്വദേശി ഷില്‍ജി ഷാജി(കുഞ്ഞാറ്റ)യുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം. നേപ്പാളിനെ 4-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്.
10, 40, 81 മിനിറ്റുകളിലാണ് ഷില്‍ജി നേപ്പാള്‍വല ചലിപ്പിച്ചത്. ഒരുഗോള്‍ പൂജയുടെ വകയായിരുന്നു. നേപ്പാളിനായി ബര്‍ഷ ഒലി ആശ്വാസ ഗോള്‍ നേടി. മലയാളിയായ പി.വി പ്രിയയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക.
ഇന്ത്യന്‍ ടീമിന്റെ മധ്യനിരക്കാരിയായാണ് ഷില്‍ജി ഷാജി കളിച്ചിരുന്നത്. ഷില്‍ജി ഉള്‍പ്പെടെ രണ്ട് മലയാളി താരങ്ങളാണ് ടീമിലുണ്ടായിരുന്നത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ അഖില രാജനാണ് ഷില്‍ജിക്ക് പുറമെയുള്ള മലയാളി.
ഇരുവരും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലാണ്. കായിക വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച ഫുട്ബോള്‍ അക്കാദമിയിലാണ് പരിശീലനം. കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി ദമ്പതികളുടെ മകളാണ് ഷില്‍ജി.
അഞ്ച് ടീമുകളാണ് സാഫ് കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം വെള്ളിയാഴ്ച്ച ബംഗ്ലാദേശുമായാണ്.