എസ്.എഫ്.ഐയുടെ കൊടിമരജാഥയ്ക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം


കൊയിലാണ്ടി: മെയ് 23 മുതല്‍ 27 വരെ മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ വച്ച് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനനഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചുകൊണ്ടുള്ള കൊടിമരജാഥക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം. രക്തസാക്ഷി ധീരജിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച ജാഥയെ ഏറെ ആവേശത്തോടെയാണ് കൊയിലാണ്ടി നഗരം സ്വീകരിച്ചത്.

ജാഥ ലീഡര്‍ എ.പി.അന്‍വീറിനെയും ജാഥ മാനേജര്‍ ജോബിസണ്‍ ജെയിംസിനെയും സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗം ബി.പി.ബബീഷ് എന്നിവര്‍ ഹാരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടു കൂടി ആകര്‍ഷകമായ റാലി സ്വീകരണ വേദിയിലേക്ക് പ്രവേശിച്ചു.

ജാഥ ലീഡര്‍ എ.പി.അന്‍വീര്‍, മാനേജര്‍ ജോബിസണ്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ.ഏരിയ പ്രസിഡന്റ് അഖില്‍ വി.എസിന്റെ അധ്യക്ഷതയില്‍ ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗം നന്ദന നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജാഥ കടന്നുപോയി.