‘ഇത്തരം നീക്കങ്ങള്‍ പിഷാരികാവ് ക്ഷേത്രത്തെ കള്ളന്മാരുടെ കൊള്ളക്കാരുടെയും കേന്ദ്രമായി മാറ്റും’; ഭക്തരുടെ കാണിക്ക മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരിക്കെതിരെ നടപടിയാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പിഷാരികാവിലെ ജീവനക്കാരുടെ കത്ത്


കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ ഭക്തരുടെ കാണിക്ക മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരി യ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിഷാരികാവ് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും ട്രസ്റ്റി ബോര്‍ഡിനും ജീവനക്കാരുടെ കത്ത്. 18 ജീവനക്കാരാണ് കത്തില്‍ ഒപ്പിട്ടത്.

‘ഭക്തര്‍ കാണിക്കയായി ദേവിക്ക് സമര്‍പ്പിക്കുന്ന കാണിക്കപ്പണം മോഷ്ടിച്ച ജീവനക്കാരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കം സത്യസന്ധമായി ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ മറ്റ് ജീവനക്കാര്‍ക്ക് എന്നും ഭീഷണിയാണ്. ഇത്തരത്തിലുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ പവിത്രമായ നമ്മുടെ ക്ഷേത്രം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കേന്ദ്രമായി മാറുവാന്‍ അധികനാള്‍ വേണ്ടിവരില്ലയെന്ന കാര്യം ഞങ്ങള്‍ ഭയഭക്തിയോടെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

കാണിക്കപ്പണം മോഷ്ടിച്ചെന്ന ആരോപണത്തിനു പുറമേ ജീവനക്കാരിയ്‌ക്കെതിരെ ഗുരുതരമായ ചില ആരോപങ്ങള്‍ കൂടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘ കുറ്റാരോപിതയായ ഈ ജീവനക്കാരി തന്നെ വഴിപാട് കൗണ്ടറിലെ പലവക രശീതിയില്‍ വരവ് വന്ന സംഖ്യ ഓഫീസില്‍ അടയ്ക്കാതെ, കൈവശം വെയ്ക്കുകയും പിന്നീട് സംശയം തോന്നിയ ഓഫീസിലെ ക്ലര്‍ക്ക് ആവശ്യപ്പെട്ടപ്പോള്‍ മാത്രം പണം അടയ്ക്കുകയും ചെയ്തതിന്റെ രേഖകള്‍ ഓഫീസില്‍ ഉണ്ട്.’ എന്നാണ് കത്തില്‍ പറയുന്നത്.

കാണിക്കപ്പണം മോഷ്ടിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്വീകരിച്ച സമീപനങ്ങളെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ‘മൂന്നുപേര്‍ മോഷണം നേരിട്ട് കണ്ട് എന്ന് പറഞ്ഞിട്ടും അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കാനോ മറ്റ് അനന്തര നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല’.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെ വെച്ചുള്ള അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുകയും കുറ്റം ബോധ്യപ്പെടുകയും ട്രസ്റ്റി ബോര്‍ഡ് കുറ്റാരോപിതയുടെ പേരില്‍ കടുത്ത ശിക്ഷാനടപടികള്‍ക്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതോടൊപ്പം ഭണ്ഡാരം എണ്ണുമ്പോള്‍ മേല്‍നോട്ടം വഹിക്കാനെത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തുകയും കുറ്റാരോപിത കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷനെയും ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിനെയും വകവെയ്ക്കാതെ ട്രസ്റ്റിബോര്‍ഡിന്റെ അനുമതി ഇല്ലാതെ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിനുവേണ്ടി തന്റെ ഇംഗിതങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷക കമ്മീഷനെ വെയ്ക്കുകയും ചെയ്‌തെന്നും കത്തില്‍ പറയുന്നു.

‘സാക്ഷിമൊഴികളില്‍ ഉറച്ചുനിന്ന ദൃക്‌സാക്ഷികളായ മൂന്ന് സ്ത്രീകളുടെ മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും മുഖവിലയ്ക്ക് എടുക്കാതെ പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് അഭിഭാഷക കമ്മീഷന്‍ നല്‍കിയത് എന്ന വിവരം അറിയാന്‍ കഴിഞ്ഞു. ദേവസ്വത്തിന്റെ ഭീമമായ തുക ഫീസ് നല്‍കി അഭിഭാഷകനെ വെച്ച് പ്രതിയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയ എക്‌സിക്യുട്ടീവ് ഓഫീസറുടെ നടപടി വളരെ വേദനാജനകവും ലജ്ജാകരവുമാണ്.’ എന്നും ജീവനക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2021 മാര്‍ച്ച് 18 നാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ ജീവനക്കാരി പണം മോഷ്ടിച്ചെന്ന് രേഖാമൂലം പരാതി നല്‍കിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ രണ്ടുപേരും ക്ഷേത്രത്തിലെ ഒരു താല്‍ക്കാലിക ജീവനക്കാരിയുമാണ് എക്‌സിക്യുട്ടീവ് ഒഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. പിന്നീട് ആരോപണ വിധേയയായ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്‌തെങ്കിലും ഒരുവര്‍ഷത്തിനിപ്പുറവും അവര്‍ക്കെതിരെ മേല്‍നടപടികളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ നടപടിയാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.