‘ക്യാമ്പിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണം അടിസ്ഥാന രഹിതം, സ്ഥാപനം ശ്രമിക്കുന്നത് ലൈംഗികാതിക്രമ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള കള്ള പ്രചാരണം’; കൊയിലാണ്ടിയിലെ ഡോക്ടേഴ്സ് അക്കാദമിക്കെതിരെ എസ്.എഫ്.ഐ


കൊയിലാണ്ടി: ലെെം​ഗികാതിക്രമ പരാതിയെ തുടർന്ന് റിമാൻഡിലായ ഡോക്ടേർസ് അക്കാഡമി മാനേജിങ് ഡയറക്ടർ ബാബുരാജിനെയുള്ള പരാതി വ്യാജമാണെന്നും പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള പ്രതിരോധമാണ് സ്ഥാപനത്തിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി. ബാബുരാജിനെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തതിനുശേഷവും സ്ഥാപനാധികാരികൾ വിഷയത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികളും ജനങ്ങളും ഇത് തിരിച്ചറിയണമെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഫീസ്നൽകാത്തതിന് ക്യാബിനിലേക്ക് വിളിപ്പിച്ച് ബാബുരാജ് വിദ്യാർത്ഥിനിയോട് ലെെം​ഗികാതിക്രമം നടത്തിയത്.  ഇതിനെ തുടർന്ന് എസ്എഫ്ഐ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ മാർച്ച്‌ എസ്‌ എഫ് ഐ പ്രവർത്തകർ പണം ആവശ്യപ്പെട്ടത് സ്ഥാപനം നൽകാത്തതിനെ തുടർന്നാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. ക്യാമ്പിനായി എസ്എഫ്ഐ ആവശ്യപ്പെട്ട പതിനായിരം രൂപ നൽകാത്തതിനെ തുടർന്ന് ഉണ്ടായ പ്രതികാര നടപടിയാണ് ഇതെന്നാണ് മാർച്ചിനെതിരായി പോലീസിൽ പ്രതി നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇങ്ങനെ ഉള്ള ഒരു ക്യാമ്പ് തീരുമാനിക്കപ്പെടുകയോ ക്യാമ്പ് നടത്തുന്നതിന് അക്കാഡമിയോട് പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഈ പരാതി വ്യാജമാണ്. ഇയാളുടെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്എടുത്തിരിക്കുകയാണെന്നും ഏരിയാ കമ്മിറ്റി പറഞ്ഞു.

ട്യൂഷൻ ഫീസ് അടയ്ക്കാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും വീട്ടിൽ വിളിക്കുകയും പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് മാത്രം വിളിക്കാതിരിക്കുകയും ചെയ്തത് അന്വേഷിച്ചു ചെന്ന വിദ്യാർത്ഥിനിയോടാണ് പ്രതി ലൈംഗികാധിക്രമം നടത്തിയത്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അന്നേദിവസം പരാതിക്കാരിയെ പ്രതി കണ്ടിട്ട് പോലുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമുള്ള വ്യാജമായ പ്രചരണ മാണ് പ്രതിയുടെയും സ്ഥാപനത്തിന്റെ അധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. എം.ഡി കൂടിയായ പ്രതിയുടെ ക്യാബിനിൽ സിസിടിവി ഉണ്ടായിരുന്നില്ല.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുത്ത പ്രതിയെ പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ തിരിച്ചെത്താം എന്ന ഉപാധിയോടെ പോലീസ് വീട്ടിലേക്ക് വിട്ടയച്ചിരുന്നു. വിട്ടയച്ചതിനു ശേഷം പ്രതി താൻ നിരപരാധിയാണെന്നും അതിനാലാണ് തന്നെ വിട്ടയച്ചത് എന്നുള്ള നുണ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. പോലീസിന്റെ ഈ നടപടി നിയമവിരുദ്ധവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

രാത്രികാലങ്ങളിൽ ഉൾപ്പെടെ ക്ലാസ് നടക്കുന്ന ഇത്തരത്തിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ഉണ്ടാവുന്ന ലൈംഗിക അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം സംഭവങ്ങൾക്കെതിരായി, വിദ്യാർത്ഥികളും രക്ഷിതാക്കളും ശക്തമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഏരിയയിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ക്വാർഡ് രൂപീകരിച്ച് പ്രവർത്തിക്കുമെന്നും ശക്തമായ സമരപരിപാടികളുമായി ഇനിയും മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Summary: SFi against Doctor’s academy’s statement on pocso case