ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ പിഴവ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം


ഡല്‍ഹി: മോസില്ല ഫയര്‍ഫോക്സിന് പിന്നാലെ ഗൂഗിള്‍ ക്രോമിലും സെക്യൂരിറ്റി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യവും ഈ ആപ്ലിക്കേഷനാണ്. ഇപ്പോഴിതാ ക്രോമിന്റെ രണ്ട് വേര്‍ഷനുകളിലും സെര്‍ട്ട്- ഇന്‍ പിഴവ് ചൂണ്ടിക്കാണിച്ചെത്തിയിരിക്കുകയാണ്.

ഒന്നിലധികം പിഴവുകളാണ് രണ്ട് വെര്‍ഷനിലും കണ്ടെത്തിയിരിക്കുന്നത്. 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍ എന്നിവയിലാണ് പിഴവുകളുള്ളത്. ഇവ അതീവഗുരുതരമാണെന്നും ടീമിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താന്‍ ഈ പിഴവ് ഹാക്കര്‍മാരെ സഹായിച്ചേക്കും. അനധികൃത സോഫ്‌റ്റ്വെയറുകള്‍, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേര്‍ഷനുകള്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഹാക്കിങ്ങില്‍ നിന്ന് രക്ഷനേടാനുള്ള ഏക വഴിയെന്ന് മുന്നറിയിപ്പില്‍ പറയുന്നു .

കഴിഞ്ഞ ദിവസം മോസില്ലയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് സെര്‍ട്ട്- ഇന്‍ രംഗത്ത് വന്നിരുന്നു. കമ്പ്യൂട്ടര്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനും ഫയര്‍ഫോക്‌സ്സിലെ പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്തി ഹാക്കര്‍ക്ക് സാധിക്കുമെന്നാണ് അതിലെയും മുന്നറിയിപ്പില്‍ പറയുന്നത്. ഫയര്‍ഫോക്‌സ് ഇഎസ്ആര്‍ 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍, ഫയര്‍ഫോക്സ് ഐഒഎസ് 124 ന് മുമ്പുള്ള വേര്‍ഷനുകള്‍, മോസില്ല തണ്ടര്‍ബേര്‍ഡ് 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍ എന്നിവയിലാണ് നിലവില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

മോസില്ലയുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ കഴിയുന്നതും വേഗം അവ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സേര്‍ട്ട്-ഇന്‍ പുറത്തിറക്കിയ നിര്‍ദേശത്തിലുള്ളത്. കൂടാതെ ഉല്പന്നങ്ങള്‍ക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാര്‍ട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സേര്‍ട്ട്-ഇന്നിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.