ചെള്ള് ഒരു ഭീകരജീവിയാണ്; എന്താണ് ചെള്ള് പനിയെന്നും പ്രതിരോധിക്കാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിയാം


ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സംസ്ഥാനത്ത് ചെള്ളുപനി ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പൊതുജനങ്ങളും നമ്മുടെ ആരോഗ്യ വകുപ്പുമെല്ലാം ജാഗ്രത പാലിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ചെള്ള് പനി എന്ന രോഗത്തെ കുറിച്ച് കാര്യമായ അറിവില്ല. രോഗത്തെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചും വിശദമായി അറിയാം.

എന്താണ് ചെള്ള് പനി?

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ഈ ചെള്ളുകളുടെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളില്‍ കടന്നുകൂടുന്നു. പുനരുത്പാദനം നടത്തി ശരീരത്തില്‍ വളരുകയും ചെയ്യുന്നു.

ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം പ്രത്യക്ഷപ്പെടും. പത്ത് ദിവസം മുതദല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക.

ലക്ഷണങ്ങള്‍

പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്), അസാധാരണമായ കരള്‍ പ്രവര്‍ത്തനങ്ങളും കാണപ്പെടുന്നു. ചെള്ള് കടിച്ചാല്‍ന്യൂമോണിറ്റിസ്, എന്‍സെഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവ രോഗത്തിന്റെ അവസാനഘട്ടത്തിലാണ് കാണാന്‍ കഴിയുന്നത്.

രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പെടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍.

ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചയുടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാന്‍ വാക്സിനുകള്‍ ലഭ്യമല്ല

രോഗത്തിന് കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണകാരണമാകും. ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

  • പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
  • പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.
  • എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
  • ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
  • പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം.
  • വസ്ത്രങ്ങളും കഴുകണം.വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
  • രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.