‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്


മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യെടുത്തു. ആചരിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ഗവ.ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സതീശൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി.

സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.മുഴുവൻ ക്ലാസുകളിലും പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, ലഹരി വിരുദ്ധ സദസ്സ് എന്നിവ നടത്തി.

ചടങ്ങുകൾ ഹെഡ്മാസ്റ്റർ കെ. നിഷിദ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഹെഡ്മാസ്റ്റർ സന്തോഷ് സാദരം,സ്കൂൾ പിടിഎ പ്രസിഡൻ്റ് എം.എം.ബാബു, എസ് ആർ ജി കൺവീനർ കെ.ഒ.ഷൈജ, സ്കൗട്ട് ക്യാപ്റ്റൻ ടി.വി.ശാലിനി, വി.പി സതീശൻ, പി.സമീർ ,രശ്മി, കെ.സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.