സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തേരോട്ടം; ബിഹാറിനെ തകർത്തത് ഒന്നിനെതിരെ നാല് ​ഗോളുകൾക്ക്


കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തുവിട്ടത്. നിജോ ഗിൽബർട്ട് കേരളത്തിനായി രണ്ട് ഗോളുകൾ നേടിയപ്പോൾ, വിശാഖ്, അബ്ദു റഹീം എന്നിവരാണ് ശേഷിക്കുന്ന ഗോളുകൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളം 2-0 ന് മുന്നിട്ട് നിന്നു. സന്തോഷ് ട്രോഫിയിൽ കേരളം ഇക്കുറി നേടുന്ന രണ്ടാമത്തെ ജയമാണ് ഇത്. നേരത്തെ രാജസ്ഥാനെതിരായ അദ്യ മത്സരത്തിലും കേരളം തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

ആദ്യ കളിയിൽ രാജസ്ഥാനെ ഗോൾമഴയിൽ മുക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു കേരളം ബീഹാറിനെതിരെ കളിക്കാനിറങ്ങിയത്. തുടക്കം മുതൽ എതിർ ബോക്സിലേക്ക് കേരളം കുതിച്ചെങ്കിലും വല കുലുക്കാനായില്ല‌. ഇരുപത്തിമൂന്നാം മിനുറ്റിൽ കേരളത്തിന്റെ ഉറച്ച ഗോളവസരം ബിഹാർ ഗോൾകീപ്പർ രക്ഷപെടുത്തി. തൊട്ടടുത്ത മിനുറ്റിൽ പക്ഷേ കേരളത്തിന്റെ ഗോൾ വന്നു. നിജോ ഗിൽബർട്ടായിരുന്നു സ്കോറർ. ഗോൾ നേടിയതോടെ കേരളത്തിന്റെ ആവേശം വർധിച്ചു. ഇരുപത്തിയെട്ടാം മിനുറ്റിൽ കേരളത്തിന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്തത് ആദ്യ ഗോൾ നേടിയ നിജോ ഗിൽബർട്ട്. ബീഹാർ ഗോൾകീപ്പറെ മറികടന്ന് നിജോയുടെ കിക്ക് വലയിൽ. കേരളം 2-0 ന് മുന്നിൽ. ലഭിച്ച അവസരങ്ങളെല്ലാം കേരളം പിന്നീട് തുലച്ചതോടെ ആദ്യ പകുതി 2-0 ന് അവസാനിച്ചു.

വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു

രണ്ടാം പകുതിയിൽ കേരളത്തിന്റെ കളി ആരാധകർക്ക് അത്ര രസം നൽകുന്നതായിരുന്നില്ല. എന്നാൽ ബീഹാറാകട്ടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു‌. എഴുപതാം മിനുറ്റിൽ അവർക്ക് അതിനുള്ള ഫലവും ലഭിച്ചു. കോർണറിൽ നിന്ന് ഒരു കിടിലൻ ഹെഡറിലൂടെ ബീഹാർ കേരള വല കുലുക്കി. ആതിഥേയർ ഞെട്ടി. എന്നാൽ എൺപത്തിയൊന്നാം മിനുറ്റിൽ വിശാഖിലൂടെ ഗോൾ കണ്ടെത്തിയ കേരളം മത്സരത്തിൽ 3-1 ന് മുന്നിലെത്തി. പിന്നാലെ അബ്ദു റഹീമും ഗോൾ നേടിയതോടെ കേരളം 4-1 ന് മുന്നിലെത്തി വിജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യ മത്സരത്തിലും ജയം നേടിയ കേരളത്തിന് ഇപ്പോൾ 2 കളികളിൽ നിന്ന് 6 പോയിന്റാണുള്ളത്. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും കേരളം തന്നെയാണ്. ജനുവരി ഒന്നാം തീയതി ആന്ധ്രപ്രദേശിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന്റെ അടുത്ത മത്സരം.

ആശങ്കയുയർത്തി കോവിഡ്; ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ആരോ​ഗ്യ വകുപ്പ്

Summary: sandhosh tropy kerala won over Bihar by four goals