ശസ്ത്രക്രിയയ്ക്ക് കമ്പി മാറി ഉപയോഗിച്ചുവെന്ന ആരോപണം; രോഗിയ്ക്ക് നല്‍കിയത് സ്റ്റാന്റേര്‍ഡ് ചികിത്സ, ശസ്ത്രക്രിയ പിഴവെന്ന ആരോപണം തള്ളി മെഡിക്കല്‍ കോളേജ്


കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് കമ്പി മാറി ഉപയോഗിച്ചുവെന്ന ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്റേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും മറിച്ചുള്ള വാര്‍ത്തയില്‍ കഴമ്പില്ലെന്നും ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു പറഞ്ഞു.

കയ്യിലെ മുട്ടിന് താഴെ ഒടിവുണ്ടായാണ് രോഗി വന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തിയ പ്ലേറ്റ് ഇടുകയായിരുന്നു. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാല്‍ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. നാലാഴ്ചയ്ക്കുവേണ്ടിയാണ് ഈ കമ്പി ഇട്ടത്.

ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

ഈ മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റുരോഗികളുടെ എക്‌സ്‌റേകളും ഇതിന് തെളിവാണ്. കാലിലെ കമ്പി കയ്യിലിട്ടുവെന്ന് പറയുന്നതിലൊന്നും യാതൊരു വസ്തുതയുമില്ല. വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് രോഗിയോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവാവിന്റെ പരാതി തെറ്റിദ്ധാരണ മൂലമെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോതിപ്പാലം സ്വദേശി അജിത്തിന്റെ ശസ്ത്രക്രിയ മാറി ചെയ്തുവെന്നായിരുന്നു പരാതി. ബൈക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റാണ് അജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.