വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; ആലപ്പുഴയില്‍ യുവാവിനെ പട്ടാപ്പകല്‍ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി റെയില്‍വേ ക്രോസിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം


ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകല്‍ ഗുണ്ടാവിളയാട്ടം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ക്രോസ്സില്‍ ഇട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഓച്ചിറ സ്വദേശി അരുണ്‍ പ്രസാദിനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം റെയില്‍വേ ക്രോസിലിട്ട് വെട്ടി കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ മര്‍ദ്ദനത്തിന് ശേഷം യുവാവിനെ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം. സംഘത്തിലൊരാളുടെ ഫോണ്‍ പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ഞക്കനാല്‍ മുറിയില്‍ അനൂപ് ഭവനത്തില്‍ അനൂപ് ശങ്കര്‍ (28), രണ്ടാം പ്രതിയും അനൂപിന്റെ സഹോദരനുമായ അഭിമന്യു (24), നാലാം പ്രതി പത്തിയൂര്‍ പുല്ലംപ്ലാവ് ചെമ്പക നിവാസില്‍ അമല്‍ എന്ന ചിന്തു (24) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജിതമാക്കി.

മൂന്ന് ദിവസം മുമ്പ് നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നങ്ങളുടെ തുടക്കം. അനൂപും മറ്റൊരു സംഘവുമായി ഒരു തട്ടുകടയില്‍വച്ച് തര്‍ക്കമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ അനൂപിന്റെ ഫോണ്‍ അരുണ്‍ പ്രസാദ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അരുണ്‍ പ്രസാദിനെ തട്ടിക്കൊണ്ടുപോയി ആക്കനാട് കോളനിക്ക് സമീപമുള്ള ഗ്രൗണ്ടില്‍വച്ചും റെയില്‍വേ ട്രാക്കിന് സമീപത്തവച്ചും ക്രൂരമായി മര്‍ദിച്ചത്.

വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുന്നത് ഗുണ്ടകള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി. നിന്നെ വെട്ടി റെഡിയാക്കുമെന്നും കൊലക്കേസൊന്നുമല്ല ജാമ്യം കിട്ടുമെന്നും പ്രതികള്‍ പറയുന്നത് വീഡിയോയിലുണ്ട്.

മര്‍ദ്ദനത്തില്‍ അരുണിന്റെ വലത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. അരുണിന്റെ ഐഫോണും വാച്ചും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്. ഓച്ചിറ സ്റ്റേഷനില്‍ അരുണ്‍പ്രസാദ് പരാതി നല്‍കി. ഇതിനിടെ മറ്റൊരു കേസില്‍ വാറന്റുള്ള അനുപ് ശങ്കറിനെ കായംകുളം പൊലീസ് പിടികൂടി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അരുണിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഓച്ചിറ സ്റ്റേഷനിലെ കേസ് കായംകുളത്തേക്ക് മാറ്റി.