വയറുവേദനയെ തുടര്‍ന്ന് നന്തി സ്വദേശിയുള്‍പ്പെടെ ഒരാഴ്ചക്കിടെ മരിച്ചത് രണ്ടുപേര്‍


വടകര: വയറുവേദനയെ തുടര്‍ന്ന് ജില്ലയില്‍ ഒരാഴ്ചക്കിടെ മരിച്ചത് രണ്ടുേപേര്‍. നാദാപുരം സ്വദേശിനിയായ പതിനേഴുകാരിയും നന്തി സ്വദേശിയായ പതിനൊന്ന് വയസ്സുകാരനുമാണ് ജീവന്‍ നഷ്ടമായത്. നാദാപുരം എരത്ത് ഹിബ സുല്‍ത്താന (17), നന്തി കോടിക്കല്‍ പള്ളിവാതില്‍ക്കല്‍ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകന്‍ മുഹമ്മദ് സിയാന്‍ (11) എന്നിവരാണ് ചികിത്സക്കിടെ മരണപ്പെട്ടത്.

ഛര്‍ദ്ദിയും കഠിനമായ വയറുവേദനയെയും തുടര്‍ന്നാണ് ഹിബയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവിടെ നിന്നും വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ അടുത്ത ദിവസം വയറുവേദന അധികമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നന്തിയില്‍ വച്ച് വീണ്ടും അസുഖം കൂടുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. മെയ് 16 നാണ് ഹിബ മരിക്കുന്നത്.

സാധാരണയെന്നപോലെ വയറുവേദന ഉണ്ടായതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ സിയാനെ വീടിനടുത്തുള്ള സ്വാകര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയത്. തുടര്‍ന്ന് വീട്ടിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് വീണ്ടും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം കൊയിലാണ്ടിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെയാടെ സിയാന്‍ മരണപ്പെടുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.