”പ്രിയ അമീര്‍ ഷൈക്ക് തമീം അങ്ങാണ് ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ ഹീറോ”; 38 ദിവസത്തെ ഖത്തര്‍ ഓര്‍മ്മകള്‍ സജാദ് അരിക്കുളം എഴുതുന്നു


38 ദിവസം നീണ്ട ഖത്തര്‍ കാലം, ഒരുപാട് ഓര്‍മ്മകള്‍, എന്ത് നല്ല രാജ്യം എന്ത് നല്ല മനുഷ്യര്‍. നമ്മുടെ നാട്ടില്‍ ഒരു വിദേശി വന്നാല്‍ നമ്മള്‍ പെരുമാറുന്ന പോലെയാണെന്ന് തോന്നുന്നില്ല. കളി കാണാനും മെട്രോകളിലും നമ്മുടെ കൂടെ വരിനില്‍ക്കുന്നവര്‍, നമ്മോട് വളരെ മാന്യമായി പെരുമാറുന്നവര്‍, സ്ത്രീകള്‍ക്ക് വലിയ വില കൊടുക്കുന്നവര്‍ എയര്‍പ്പോര്‍ട്ടില്‍ പോലും നല്ല പോസ്റ്റുകളില്‍ കൂടുതല്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നവര്‍. യഥാര്‍ത്ഥ ഇസ്ലാമിക രാജ്യത്തെ പരിജയപ്പെടുത്തുന്നവര്‍. കളി കാണാന്‍ ഖത്തറിലോട്ട് വരുമ്പോള്‍ വലിയ പണച്ചിലവ് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ അതിന് വിപരീതമാണ് നടന്നത്. റൂമിന് പുറത്ത് ഫ്രീ മെട്രോ ലിങ്ക് ബസ്സ്, നേരെ മെട്രോ സ്റ്റേഷനിലോട്ട് അവിടെ നിന്ന് സ്റ്റേഡിയം, ഫാന്‍ ഫെസ്റ്റിവല്‍, മറ്റ് ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഫ്രീ മെട്രോ ബസ്സ്, ചുരുക്കി പറഞ്ഞാല്‍ ഒരു യാത്രകള്‍ക്കും പണച്ചിലവില്ല. ഇങ്ങനെ ചിലവില്ലാതെ ഏത് രാജ്യത്തില്‍ പോയി ഫുട്‌ബോള്‍ കാണാനും ആ രാജ്യത്തെ ആസ്വദിക്കാനും കഴിയും.

ഖത്തര്‍ എന്ന ചെറിയ രാജ്യം ഫുട്‌ബോളിന് വേണ്ടി ചെയ്ത ഒരുക്കങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. ലോകോത്തര നിലവാരമുള്ള റോഡുകള്‍, പാലങ്ങള്‍ സ്റ്റേഡിയങ്ങള്‍, ബില്‍ഡിംഗുകള്‍, കഴിഞ്ഞ ലോകകപ്പ് നടത്തിയ രാജ്യം ചിലവിട്ടതിന്റെ 100 ഇരട്ടി പണം ഇതിനായി ചിലവിട്ട ഖത്തര്‍, ഏകദേശം ഇന്ത്യന്‍ രൂപ 18 ലക്ഷം കോടി രൂപ ഇതിനായി ചിലവിട്ടു.

ലോക രാജ്യങ്ങള്‍ പോലും അമ്പരപ്പിക്കുന്ന സംവിധാനവുമായി ഏകദേശം കോഴിക്കോട് ജില്ലയുടെ വലിപ്പമില്ലാത്ത ഖത്തര്‍, എറണാകുളം ജില്ലയുടെ (സ്വദേശികള്‍ അടക്കം) മൂന്നിലൊന്ന് ജനസംഖ്യയുള്ള രാജ്യം, എന്തിന് പറയുന്ന കാല്‍പന്ത് കളിയുടെ ഉല്‍ഘാടന ചടങ്ങിന് കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിനിധി ഓസ്‌ക്കാര്‍ ജേതാവായ മോര്‍ഗന്‍ ഫ്രീമാനും, ഇരുകാലുകളുമില്ലാത്ത ഗാനിം അല്‍ മുഫ്ത്താഹ് എന്ന വലിയ സ്വപ്നവുമായി നടക്കുന്ന ചെറിയ മനുഷ്യനേയും കൊണ്ട് ചടങ്ങിനെ ലാളിത്യത്തിന്റേയും മനുഷ്യത്വത്തിന്റേയും പ്രതീകമാക്കി മാറ്റിയ ഖത്തര്‍.

Equality യേയും Humanity യേയും നേഞ്ചോട് ചേര്‍ത്ത ഖത്തര്‍. സ്റ്റേഡിയത്തിനക്കത്ത് മദ്യമില്ലാതെ, ഫൈനല്‍ മത്സരം ജയിച്ചപ്പോള്‍ പോലും ഒരു തുള്ളി ഷാംപ്യന്‍ പോലും ഗ്രൗണ്ടില്‍ വീഴ്ത്താത്ത ഖത്തര്‍. ‘ഒരു വിദേശി വനിത പറഞ്ഞത്ര എത്ര സുന്ദരമാണ് ഈ രാജ്യം, സ്റ്റേഡിയത്തില്‍ അടികളില്ല, മറ്റ് മോശം കമന്റുകളില്ല എല്ലാവരും നല്ല പെരുമാറ്റം, ഒരു ജോലി നോക്കി ഇവിടെ നില്‍ക്കാന്‍ ഞാന്‍ എവിടെയാണ് പോവേണ്ടത് ‘അത്രക്ക് സുന്ദരമായ ഖത്തറിനോട് വിട പറഞ്ഞത് വേദനയോടെയാണ്.

പല പിന്തിരിപ്പന്‍ ശക്തികളോടും, പാട്ട് പാടാന്‍ ഷക്കിറ വരാത്ത, യൂറോപ്യന്‍സിന്റെ ബഹിഷ്‌കര കമന്റുകളെ അതിജീവിച്ച മനോധൈര്യത്തിന്റെ സ്‌നേഹത്തിന്റെ സഹനത്തിന്റെയും സ്‌നേഹ ജ്വാലമായ പ്രിയ അമീര്‍ ഷൈക്ക് തമീം അങ്ങാണ് ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ ഹീറോ. ഞങ്ങള്‍ ഫുട്‌ബോള്‍ പ്രേമീകള്‍ക്ക് ഒരുപിടി മറക്കാനാവാത്ത സ്വപ്നങ്ങള്‍ സമ്മാനിച്ചതിന്.

സജാദ് അരിക്കുളം: അരിക്കുളം സ്വദേശിയാണ് സജാദ്. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം സിവില്‍ സ്‌റ്റേഷന്‍ കോഴിക്കോടില്‍ ജീവനക്കാരനാണ്. ഫുട്‌ബോള്‍ പ്രേമിയായ സജാദ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ വേണ്ടി സര്‍വ്വീസില്‍ നിന്നും അവധിയെടുത്ത് ഖത്തറിലേക്ക് പോകുകയായിരുന്നു.